നരേന്ദ്ര മോദിയും ഡൊണാൾഡ് ട്രംപും | ഫോട്ടോ: എ.പി

വാഷിങ്ടൺ : സ്ഥാനാരോഹണ ചടങ്ങിന് പിന്നാലെ ഇന്ത്യയിൽ വൻനിക്ഷേപം ലക്ഷ്യമിട്ട് ഡോണൾഡ് ട്രംപ്. ഇന്ത്യയിൽ കൂടുതൽ ട്രംപ് ടവറുകൾ പണിയുമെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ആറ് പുതിയ പദ്ധതികൾ കൂടി ആസൂത്രണം ചെയ്യാനാണ് നീക്കം. ഇതോടെ ലോകത്തിലെ ഏറ്റവും കൂടുതൽ ട്രംപ് ടവറുകൾ ഇന്ത്യയിലാകുമെന്നാണ് വിവരം.

മുംബൈ, പൂനെ, ഗുഡ്ഗാവ്, കൊൽക്കത്ത എന്നിവിടങ്ങളിലെ നിലവിലെ നാല് റസിഡൻഷ്യൽ ട്രംപ് ടവറുകൾ കൂടാതെ പുതിയ ആറ് പുതിയ ടവറുകളുടെ നിർമാണം അടുത്ത ആറ് വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യം. നോയിഡ, ഹൈദരാബാദ്, ബെംഗളൂരു, മുംബൈ, ഗുഡ്ഗാവ്, പൂനെ എന്നിവിടങ്ങളിലാണ് പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതെന്നാണ് വിവരം.

ആറ് പുതിയ പദ്ധതികൾ കൂടി പൂർത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും കൂടുതൽ ട്രംപ് ടവറുകൾ ഇന്ത്യയിലാകും. 2017-ൽ ഡൊണാൾഡ് ട്രംപ് പ്രസിഡൻ്റാകുന്നതിന് മുമ്പ്, മുംബൈ, പൂനെ, ഗുഡ്ഗാവ്, കൊൽക്കത്ത എന്നിവിടങ്ങളിൽ ട്രംപ് ടവറുകൾക്ക് ലൈസൻസ് നൽകിയിരുന്നു. ലോധ, പഞ്ച്ഷിൽ, ട്രിബേക്ക ഡെവലപ്പേഴ്‌സ് തുടങ്ങിയ ഡെവലപ്പർമാരുമായിട്ടായിരുന്നു കരാർ. 6 കോടി മുതൽ 25 കോടി രൂപ വരെ വിലയുള്ള 800 ആഡംബര വസതികളുള്ള 3 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ളതാണ് ഇന്ത്യയിലെ നാല് ട്രംപ് ടവറുകൾ. 7,500 കോടി രൂപയുടെ മൊത്തം വിൽപ്പന മൂല്യമാണ് ഇതിന് വിലയിരുത്തപ്പെടുന്നത്.