ബി.കെ. സുബ്രഹ്മണ്യൻ

കൊച്ചി : സി.പി.എം. പ്രവർത്തകൻ നാലു വയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി. തേലത്തുരുത്ത് ബ്രാഞ്ച് അം​ഗം ബി.കെ. സുബ്രഹ്മണ്യനെതിരേ ജനുവരി 15-നാണ് പോലീസ് കേസെടുത്തത്. ഇയാൾ ഇപ്പോൾ ഒളിവിലാണ്. പീഡനവിവരം ചോദിക്കാൻ ചെന്ന കുട്ടിയുടെ പിതാവിനെ പ്രതിയും കുടുംബവും ചേർന്ന് മർദിച്ചതായും പരാതിയുണ്ട്.

കുട്ടിയെ കുളിപ്പിക്കുന്നതിനിടെ നെഞ്ചില്‍ പാട് കണ്ടതിനെ തുടർന്ന് മാതാപിതാക്കൾ ചോദിച്ചപ്പോഴാണ് നാലു വയസ്സുകാരി പീഡനവിവരം പുറത്തുപറയുന്നത്. സുബ്രഹ്‌മണ്യനെ കാണുന്നത് ഇഷ്ടമല്ലെന്നും ഇയാള്‍ ഉപദ്രവിച്ചുവെന്നും കുട്ടി പറഞ്ഞു. അതിക്രമത്തിന് ശേഷം കുഞ്ഞ് രാത്രി ഞെട്ടി എഴുന്നേൽക്കാനും മാതാപിതാക്കളെ അടിക്കാനും തുടങ്ങിയതായും മാതാപിതാക്കൾ പറയുന്നു.

കുട്ടിയുടെ കുടുംബവുമായി അടുത്തബന്ധം പുലര്‍ത്തിയ വ്യക്തിയായിരുന്നു സുബ്രഹ്‌മണ്യന്‍. ഇയാളുടെ ഭാര്യ നടത്തിയിരുന്ന അം​ഗനവാടിയിലായിരുന്നു കുട്ടി പോയിരുന്നത്. മാതാപിതാക്കൾ ജോലിക്ക് പോയിരുന്ന സമയത്ത് കുട്ടിയെ അം​ഗനവാടിയിൽ കൊണ്ടുപോയിരുന്നത് സുബ്രഹ്മണ്യനാണ്.

ജനുവരി 14-നാണ് മാതാപിതാക്കൾ പോലീസിൽ പരാതി സമർപ്പിക്കുന്നത്. അന്നുമുതൽ ഇയാൾ ഒളിവിലാണ്. കുട്ടിയുടെ പിതാവിനെ മർദിച്ച വിവരം പോലീസിൽ പറഞ്ഞെങ്കിലും അധികൃതർ കേസെടുത്തില്ലെന്നും കുടുംബം ആരോപിക്കുന്നു. നിരവധി തവണ ഇവരെ ഭീഷണിപ്പെടുത്താൻ സുബ്രഹ്മണ്യന്റെ മകനടക്കമുള്ളവർ ശ്രമിച്ചതായും പരാതിയുണ്ട്.