രവി തേജ

വാഷിങ്‌ടൻ ഡിസി ∙ യുഎസിൽ പെട്രോൾ പമ്പിൽ വച്ച് വെടിയേറ്റ് ഹൈദരാബാദ് സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടു. തിങ്കളാഴ്ച വാഷിങ്‌ടൻ ഡിസിയിലാണ് സംഭവം. ഹൈദരാബാദ് ആർകെ പുരം ഗ്രീൻ ഹിൽസ് കോളനിയിൽ താമസിക്കുന്ന രവി തേജയാണ് (26) കൊല്ലപ്പെട്ടത്. മാസ്റ്റേഴ്‌സ് ബിരുദത്തിനായി 2022 മാർച്ചിലാണ് ഇദ്ദേഹം യുഎസിലെത്തിയത്.

പഠനം പൂർത്തിയാക്കിയ ശേഷം നഗരത്തിൽ ജോലി അന്വേഷിച്ചുകൊണ്ടിരിക്കെയാണ് സംഭവം. ആക്രമണത്തിന് പിന്നിലെ കാരണവും പ്രതികളെയും തിരിച്ചറിയാൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി യുഎസിൽ പല ഇന്ത്യൻ വിദ്യാർഥികൾ കൊല്ലപ്പെടുന്നതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ മാസം ഷിക്കാഗോയിൽ ഒരു പെട്രോൾ പമ്പിൽ വെടിയേറ്റ് തെലങ്കാന സ്വദേശിയായ സായ് തേജ നൂകരപ്പ് (22) കൊല്ലപ്പെട്ടിരുന്നു.