അബ്ദുൽ വാഹിദ്,ഷഹാന മുംതാസ്
കൊണ്ടോട്ടി ∙ നവവധുവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കണ്ണൂർ വിമാനത്താവളത്തിൽ പിടിയിൽ. മൊറയൂർ വടക്കേപൂന്തല അബ്ദുൽ വാഹിദ് (26) ആണ്, കൊണ്ടോട്ടി ബ്ലോക്ക് റോഡിൽ പറശീരി ബഷീറിന്റെയും ഷമീനയുടെയും മകൾ ഷഹാന മുംതാസ് (19) മരിച്ച കേസിൽ പിടിയിലായത്.
ആത്മഹത്യാ പ്രേരണ, ഭാര്യയെ മാനസികമായി പീഡിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് അബ്ദുൽ വാഹിദിനെതിരെ പൊലീസ് ചുമത്തിയത്. കൊണ്ടോട്ടി ഗവ. കോളജിൽ ബിരുദ വിദ്യാർഥിയായ ഷഹാന ഇക്കഴിഞ്ഞ 14ന് രാവിലെ സ്വന്തം വീട്ടിലാണു മരിച്ചത്. നിറത്തിന്റെ പേരിൽ, ഷഹാനയെ വാഹിദ് ഫോണിൽ വിളിച്ച് അവഹേളിച്ചതായും ഇതിനെത്തുടർന്ന് ഷഹാന മാനസിക പീഡനം നേരിട്ടിരുന്നതായും ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.

വിദേശത്തായിരുന്ന അബ്ദുൽ വാഹിദിനെതിരെ പൊലീസ് ലുക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇന്നലെ രാവിലെ അബുദാബിയിൽനിന്ന് കണ്ണൂർ വിമാനത്താവളത്തിലെത്തിയ ഇയാളെ എമിഗ്രേഷൻ വിഭാഗം തടഞ്ഞു. കൊണ്ടോട്ടിയിൽ നിന്നു പൊലീസെത്തി കസ്റ്റഡിയിലെടുത്തു.
