ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നു | Photo: AP

വാഷിങ്ടണ്‍ : അയല്‍രാജ്യങ്ങളായ കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് ഫെബ്രുവരി ഒന്ന് മുതല്‍ 25 ശതമാനം തീരുവ ചുമത്തുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് യുഎസിന്റെ രണ്ട് പ്രധാന വ്യാപാര പങ്കാളികള്‍ക്കെതിരെ ട്രംപ് ഭീഷണി മുഴക്കുന്നത്. അമേരിക്കയിലേക്കുള്ള നിയമവിരുദ്ധ കുടിയേറ്റവും മയക്കുമരുന്ന് കടത്തും തടയുന്നതില്‍ കാനഡയും മെക്‌സിക്കോയും പരാജയപ്പെട്ടുവെന്ന് ട്രംപ് ആരോപിച്ചു.

അമേരിക്കന്‍ തൊഴിലാളികളെയും കുടുംബങ്ങളെയും സംരക്ഷിക്കുന്നതിനായി വ്യാപാര വ്യവസ്ഥയില്‍ വലിയ മാറ്റം കൊണ്ടുവരുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ‘മറ്റ് രാജ്യങ്ങളെ സമ്പന്നമാക്കാന്‍ നമ്മുടെ പൗരന്മാര്‍ക്ക് നികുതി ചുമത്തുന്നതിനുപകരം, നമ്മുടെ പൗരന്മാരെ സമ്പന്നമാക്കാന്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് നികുതി ചുമത്തും,’ ട്രംപ് പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ അനധികൃത കുടിയേറ്റവും അമേരിക്കയിലേക്കുള്ള മയക്കുമരുന്നിന്റെ ഒഴുക്കും തടയാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍, കനേഡിയന്‍, മെക്‌സിക്കന്‍ ഇറക്കുമതികള്‍ക്ക് താരിഫ് വര്‍ദ്ധനവ് വരുത്തുമെന്നും ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനം അധിക നികുതി ചുമത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു.

യു.എസിന്റെ സുവര്‍ണകാലം തുടങ്ങിയെന്ന പ്രഖ്യാപനവുമായാണ് 47-ാം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണം ആരംഭിച്ചത്. തിങ്കളാഴ്ച സത്യപ്രതിജ്ഞയ്ക്കുശേഷം നടത്തിയ പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. യു.എസ്സിനെ മഹത്തരവും സമ്പന്നവുമാക്കുമെന്ന തിരഞ്ഞെടുപ്പുപ്രചാരണവാഗ്ദാനം അദ്ദേഹം ആവര്‍ത്തിച്ചു. യു.എസ്സിനെ പൂര്‍ണമായി വീണ്ടെടുക്കാന്‍ ചരിത്രപരമായ എക്സിക്യുട്ടീവ് ഉത്തരവുകളില്‍ ഒപ്പിടുമെന്ന് പ്രഖ്യാപിച്ചു. ”യു.എസ്സിന്റെ ശക്തി എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കും. നമ്മെ കീഴടക്കാനാവില്ല. തകര്‍ക്കാനും തോല്‍പ്പിക്കാനുമാകില്ല,” -അദ്ദേഹം പറഞ്ഞു.