Photo: ‘X’ ANI

ലക്നൗ : ഉത്തർപ്രദേശിലെ ഷാംലിയിൽ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സും (എസ്‌ടിഎഫ്) ക്രിമിനലുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാല് കുറ്റവാളികൾ കൊല്ലപ്പെട്ടു. ഒരു എസ്‌ടിഎഫ് ഉദ്യോ​ഗസ്ഥന് പരിക്കേറ്റു. കുപ്രസിദ്ധ മുസ്തഫ കഗ്ഗ ​ഗുണ്ടാ സംഘത്തിലെ അർഷാദും കൂട്ടാളികളുമാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട മറ്റുള്ളവരിൽ മൻജീത്, സതീഷ് എന്നിവരെ തിരിച്ചറിഞ്ഞെങ്കിലും ഒരാളെ ഇനിയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല.

കവർച്ച, കൊള്ള, കൊലപാതകം എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്ന് ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തലയ്ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം ഏർപ്പെടുത്തിയിരുന്ന കുറ്റവാളിയാണ് അർഷാദ്. സംഘത്തെക്കുറിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്ടിഎഫ് സേന ജിഞ്ചാനയിലെത്തി പ്രതികളെ വളയുകയായിരുന്നു. എസ്ടിഎഫ് സംഘത്തിന് നേരെ അക്രമികൾ വെടിയുതിർത്തതോടെ സേന തിരിച്ചടിക്കുകയായിരുന്നു.

ഓപ്പറേഷന് നേതൃത്വം നൽകിയ എസ്ടിഎഫ് ഇൻസ്പെക്ടർ സുനിലിന് ഗുരുതരമായി പരിക്കേറ്റു. അടിവയറ്റിലാണ് അദ്ദേഹത്തിന് വെടിയേറ്റതെന്നും കർണാലിലെ അമൃത്ധാര ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ കൂടുതൽ ചികിത്സയ്ക്കായി ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റിയതായും എസ്ടിഎഫ് എഎസ്പി ബ്രിജേഷ് കുമാർ പറഞ്ഞു. അക്രമികളുടെ മരണം സ്ഥിരീകരിച്ച അദ്ദേഹം അർഷാദും കൂട്ടാളികളും നിരവധി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവരാണെന്നും പറഞ്ഞു.