വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ദക്ഷിണാഫ്രിക്കൻ താരങ്ങൾ
ക്വാലലംപുർ ∙ അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പ് ‘കുട്ടിക്കളിയല്ലെന്ന്’ സമോവ ടീമിന് ഇന്നലെ മനസ്സിലായി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ 9.1 ഓവറിൽ 16 റൺസിന് ഓൾഔട്ടായ സമോവ, ടൂർണമെന്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ ടോട്ടൽ എന്ന നാണക്കേടിന്റെ റെക്കോർഡ് സ്വന്തം പേരിൽ കുറിച്ചു.
മറുപടി ബാറ്റിങ്ങിൽ 1.4 ഓവറിൽ വിജയലക്ഷ്യം പിന്തുടർന്നു ജയിച്ച ദക്ഷിണാഫ്രിക്ക, ടൂർണമെന്റിൽ ഏറ്റവും വേഗമേറിയ വിജയത്തിന്റെ റെക്കോർഡും സ്വന്തമാക്കി. സ്കോർ: സമോവ 9.1 ഓവറിൽ 16ന് ഓൾഔട്ട്. ദക്ഷിണാഫ്രിക്ക 1.4 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 17.
രണ്ട് ഓവറിൽ 4 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ എൻതാബിസെങ് നിനിയാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ തിളങ്ങിയത്. 6 റൺസുമായി എക്സ്ട്രാസാണ് സമോവ നിരയിലെ ‘ടോപ് സ്കോറർ’.
