പ്രതീകാത്മക ചിത്രം

കടുത്തുരുത്തി : വന്‍ലാഭം വാഗ്ദാനംചെയ്ത് ഓണ്‍ലൈന്‍ മൊബൈല്‍ ട്രേഡിങ് ആപ്ലിക്കേഷനിലൂടെ പണംതട്ടിപ്പ് വീണ്ടും. കോട്ടയം കോതനല്ലൂരിലെ തൂവാനിസ പ്രാര്‍ഥനാലയത്തില്‍ അസി. ഡയറക്ടറായ ഫാ.ദിനേശ് കുര്യന് (37) ഒന്നരക്കോടി രൂപയാണ് നഷ്ടമായത്. കാസര്‍കോട് സ്വദേശിയായ വൈദികന്, ഒരു മാസത്തിനിടെ നടന്ന ഇടപാടിലാണ് ഈ തുക പോയത്.

ഓണ്‍ലൈന്‍ ഷെയര്‍ മാര്‍ക്കറ്റിങ് കമ്പനികളുമായി ബന്ധപ്പെട്ട് ഇദ്ദേഹം സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നു. ആ കമ്പനിയുടെ ഭാഗമായുള്ള ഒരു വാട്സാപ്പ് ഗ്രൂപ്പിലേക്ക് വൈദികനെ ചേര്‍ത്തു. ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിലൂടെ 850 ശതമാനം ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞ് മറ്റൊരു സംഘം വൈദികനെ ബന്ധപ്പെട്ടു. പ്രമുഖ കമ്പനിയുടെ പേരിലുള്ള മൊബൈല്‍ ആപ്പ് ഉപയോഗിച്ചായിരുന്നു ഇടപാട് എന്നതിനാല്‍ വൈദികന് സംശയം തോന്നിയില്ല. ഈ സംഘം വൈദികനെ സഹായിക്കാനെന്ന പേരില്‍ രണ്ട് അസിസ്റ്റന്റുമാരുടെ സേവനവും വിട്ടുനല്‍കി.

ആദ്യം ചെറിയ തുകകളാണ് നിക്ഷേപിച്ചത്. ആദ്യമൊക്കെ ലാഭവിഹിതം കൃത്യമായി നല്‍കി. ഇതോടെ സുഹൃത്തുക്കളോടും ബന്ധുക്കളോടും സഭയിലെ പരിചയക്കാരോടും പണംസ്വരൂപിച്ച് വിവിധ ഘട്ടങ്ങളിലായി ഒന്നരക്കോടി രൂപ ഓണ്‍ലൈന്‍ ട്രേഡിങ് കമ്പനിയില്‍ നിക്ഷേപിക്കുകയായിരുന്നു. രണ്ട് കോടി രൂപകൂടി നിക്ഷേപിച്ചാല്‍ 15 കോടി തിരിച്ചുനല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പുകാര്‍ വീണ്ടും വൈദികനെ സമീപിച്ചു. ഇതിന്റെ നിജസ്ഥിതി അറിയാന്‍ വൈദികന്‍, കമ്പനി അധികൃതരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതോടെയാണ് തട്ടിപ്പ് മനസ്സിലായത്. തുടര്‍ന്ന് വൈദികന്‍ പോലീസില്‍ പരാതി നല്‍കി.

ട്രേഡിങ്ങിനായി വൈദികന്‍ തന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ച 28 ലക്ഷം രൂപ പോലീസ് ഇടപെട്ട് മരവിപ്പിച്ചിട്ടുണ്ട്. ഈ തുക വൈദികന് തിരികെ ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചതായി കടുത്തുരുത്തി എസ്.എച്ച്.ഒ. ടി.എസ്. റെനീഷ് പറഞ്ഞു. ഉത്തരേന്ത്യന്‍ സംഘമാകാം തട്ടിപ്പിന് പിന്നിലെന്നാണ് പോലീസ് കരുതുന്നത്.