ഒലെൻസിയോ സിമോസ് | Photo:X@goanewshub
പനാജി : ഗോവ കോൺഗ്രസ് നേതാവ് ഒലെൻസിയോ സിമോസിനെതിരേ യുവതിയെ പിന്തുടർന്നതിനും ഭീഷണിപ്പെടുത്തിയതിനും കേസെടുത്ത് പോലീസ്. ഭീഷണി, പിന്തുടരൽ, തടഞ്ഞുവെയ്ക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാൾക്കെതിരേ കേസെടുത്തിരിക്കുന്നത്. ജി.പി.സി.സി ജനറൽ സെക്രട്ടറിയും നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറത്തിൻ്റെ ജനറൽ സെക്രട്ടറിയുമാണ് സിമോസ്.
താത്പര്യമില്ലായെന്ന് വ്യക്തമാക്കിയിട്ടും സിമോസ് തന്നോട് സൗഹൃദം സ്ഥാപിക്കാൻ ശ്രമിച്ചതായി യുവതി പരാതി ഉന്നയിച്ചുവെന്ന് പോലീസ് അറിയിച്ചു. തുടർന്ന്, ജനുവരി ഏഴിന് മർഗോ നഗരംവഴി കാറിൽ സഞ്ചരിക്കുമ്പോൾ കോൺഗ്രസ് നേതാവ് ഇവരുടെ കാർ തടഞ്ഞുവെയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഇയാൾ പറഞ്ഞതായും പരാതിയിൽ പറയുന്നുണ്ട്.
