സെയ്ഫ് അലിഖാനെ ആക്രമിച്ച കേസിലെ പ്രതി ബംഗ്ലാദേശ് പൗരൻ ഷരീഫുൾ ഇസ്ലാം ഷെഹ്സാദ് മുഹമ്മദ് റോഹില്ല അമീൻ ഫക്കീറിനെ കോടതിയിലേക്ക് കൊണ്ടുപോകുന്നു | Photo: AP
മുംബൈ : ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാനെ ആക്രമിച്ച കേസില്‍ കുറ്റം സമ്മതിച്ച് അറസ്റ്റിലായ ബംഗ്ലാദേശ് പൗരന്‍ ഷരീഫുള്‍ ഇസ്ലാം ഷെഹ്സാദ് മുഹമ്മദ് റോഹില്ല അമീന്‍ ഫക്കീര്‍. അതേ ഞാനാണ് ചെയ്തതെന്ന് പ്രതി അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചതായി പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. സേയ്ഫ് അലിഖാനെ നിങ്ങളാണോ ആക്രമിച്ചതെന്ന ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ ചോദ്യത്തിന് മറുപടിയായി ഷരീഫുള്‍ ഇസ്ലാം ഷെഹ്സാദ് ഇക്കാര്യം സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
താനെ ജില്ലയിലെ ഘോഡ്ബന്ദര്‍ റോഡിലെ ഹിരാനന്ദാനി എസ്റ്റേറ്റില്‍വെച്ചാണ് അക്രമിയെ പിടികൂടിയത്. മെട്രോനിര്‍മാണ സ്ഥലത്തിനുസമീപമുള്ള തൊഴിലാളിക്യാമ്പിലായിരുന്നു ഇയാള്‍. ”ബംഗ്ലാദേശിലെ ജലോകതി സ്വദേശിയായ പ്രതി ആറുമാസത്തോളമായി മുംബൈയില്‍ താമസിച്ച് ഹൗസ് കീപ്പിങ് ഏജന്‍സിയില്‍ ജോലിചെയ്യുകയായിരുന്നു. ഇയാള്‍ മോഷ്ടിക്കാനാണ് സെയ്ഫിന്റെ അപ്പാര്‍ട്ട്‌മെന്റിലെത്തിയത്. എന്നാല്‍, ബോളിവുഡ് താരത്തിന്റെ അപ്പാര്‍ട്ട്‌മെന്റാണതെന്ന് അറിയില്ലായിരുന്നു. സംഭവത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയാന്‍ ചോദ്യംചെയ്യല്‍ തുടരുകയാണ്” -ഡി.സി.പി. പറഞ്ഞു.
അനധികൃതമായാണ് ഇയാള്‍ ഇന്ത്യയിലേക്കുകടന്നത്. നിലവില്‍ വിജയ്ദാസ് എന്നപേരിലായിരുന്നു താമസം. ആറുമാസംമുന്‍പ് മുംബൈയിലെത്തിയ ഇയാള്‍ ഇടയ്ക്ക് നാട്ടില്‍പ്പോയി വരുമായിരുന്നു. സെയ്ഫിന്റെ വീട്ടിലെ അക്രമത്തിന് ഏതാനുംദിവസംമുന്‍പാണ് നാട്ടിനിന്നെത്തിയത്. ഹൗസ് കീപ്പിങ് ഏജന്‍സിലായിരുന്നു ജോലി. ഏജന്‍സി മുഖേന ഒരു പബ്ബിലായിരുന്നു നിലവില്‍ ജോലിചെയ്തിരുന്നത്. സെയ്ഫിനെ അക്രമിച്ച സമയത്ത് ഇയാള്‍ മയക്കുമരുന്നുപയോഗിച്ചെന്നെന്നും സംശയിക്കുന്നുണ്ട്.
നേരത്തെ മുംബൈ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 24 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ആക്രമണത്തില്‍ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടെന്ന സംശയം തള്ളിക്കളയാനാവില്ലെന്ന് പോലീസ് പറഞ്ഞിരുന്നു. ഇന്ത്യയിലേക്ക് കടക്കാന്‍ പ്രതി ഉപയോഗിച്ച രേഖകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഷരീഫുള്‍ ഇസ്ലാമിന് ഇന്ത്യയിലെത്താനും വ്യാജരേഖകളുണ്ടാക്കാനും ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും മുംബൈ പോലീസ് പരിശോധിക്കുകയാണ്.
