ഷാക്കിബ് അൽ ഹാസൻ
ധാക്ക : ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അൽ ഹസനെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ധാക്ക കോടതി. ഐഎഫ്ഐസി ബാങ്കുമായി ബന്ധപ്പെട്ട ചെക്ക് കേസിലാണ് താരം നിയമക്കുരുക്കിൽ അകപ്പെട്ടിരിക്കുന്നത്. അവാമി ലീഗ് മുൻ നിയമസഭാ അംഗമായിരുന്ന ഷാക്കിബ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന് ശേഷം ഇപ്പോൾ വിദേശത്താണ്.
കഴിഞ്ഞ വർഷം ഡിസംബർ 15-ന് നടന്ന ഒരു ചെക്ക് തട്ടിപ്പ് കേസിൽ ഷാക്കിബിന്റെ പേരുമുണ്ടായിരുന്നു. ഐഎഫ്ഐസി ബാങ്കിൻ്റെ റിലേഷൻഷിപ്പ് ഓഫീസർ ഷാഹിബുർ റഹ്മാനാണ് ഷാക്കിബിനെതിരേ പരാതി സമർപ്പിച്ചത്. ഏകദേശം നാല് കോടി ടാക്ക കൈമാറ്റം ചെയ്യുന്നതിൽ ഷാക്കിബ് പരാജയപ്പെട്ടു എന്നാണ് ബാങ്കിന്റെ ആരോപണം. രണ്ട് വ്യത്യസ്ത ചെക്കുകൾ നൽകിയത് രണ്ടും മടങ്ങിയതോടെയാണ് വിഷയം കോടതിക്ക് മുന്നിലേക്കെത്തിയത്.
ധാക്ക അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ആണ് ഷാക്കിബിനെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. തുടർന്ന് ഡിസംബർ 18-ന് പ്രാഥമിക വാദം കേൾക്കുമ്പോൾ 2025 ജനുവരി മുമ്പാകെ കോടതിയിൽ ഹാജരാകാൻ താരത്തിന് കോടതി നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കോടതി അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുന്നത്.
