നീരജ് ചോപ്രയും ഹിമാനിയും. Photo: Instagram@NeerajChopra
ന്യൂഡൽഹി ∙ ജാവലിൻ ത്രോ താരവും ഒളിംപിക്സ് സ്വർണമെഡൽ ജേതാവുമായ നീരജ് ചോപ്ര വിവാഹിതനായി. ടെന്നിസ് താരം ഹിമാനി മോറാണു നീരജിന്റെ വധു. സമൂഹമാധ്യമങ്ങളിൽ ചിത്രം പങ്കുവച്ച് നീരജ് ചോപ്രയാണ് വിവാഹക്കാര്യം പരസ്യമാക്കിയത്. വിവാഹച്ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണു പങ്കെടുത്തത്.
ഹരിയാനയിൽനിന്നു തന്നെയുള്ള ഹിമാനി യുഎസിലെ ഫ്രാങ്ക്ളിൻ പിയേഴ്സ് യൂണിവേഴ്സിറ്റിയിൽ ടെന്നിസ് താരവും പരിശീലകയുമാണ്. 2016ന് മലേഷ്യയിൽ നടന്ന ലോക ജൂനിയർ ടെന്നിസ് ചാംപ്യൻഷിപ്പിൽ ഹിമാനി സ്വർണം നേടിയിട്ടുണ്ട്.
സ്പോർട്സ് മാനേജ്മെന്റ് വിദ്യാർഥിയുമാണ്. സോനിപ്പത്തിൽ 2 ദിവസം മുൻപായിരുന്നു വിവാഹമെന്നും നീരജും ഹിമാനിയും ഇപ്പോൾ വിദേശത്തു ഹണിമൂൺ ആഘോഷിക്കുകയാണെന്നും ബന്ധുക്കളിലൊരാൾ ‘പിടിഐ’ വാർത്താ ഏജൻസിയോടു പറഞ്ഞു.
