സഞ്ജു സാംസൺ, ഋഷഭ് പന്ത്. Photo: X@BCCI

മുംബൈ ∙ ഋഷഭ് പന്തിനെ ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിലെടുക്കാനുള്ള കാരണങ്ങൾ വിശദീകരിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഋഷഭ് പന്ത് തലമുറയിലെ തന്നെ പ്രതിഭയായതുകൊണ്ടാണ് സഞ്ജു സാംസൺ ടീമിലെത്താതെ പോയതെന്ന് ആകാശ് ചോപ്ര യുട്യൂബ് വിഡിയോയിൽ പ്രതികരിച്ചു. ‘‘ഈ തലമുറയിലെ ഏറ്റവും മികച്ച പ്രതിഭയെയാണ് ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ വിക്കറ്റ് കീപ്പറാക്കുന്നത്. സഞ്ജുവിനെ ടീമിലെടുത്തില്ല. സഞ്ജുവാണോ, പന്താണോ മികച്ചതെന്ന ചോദ്യം ഉയർന്നുവരുന്നതു സാധാരണ കാര്യമാണ്.’’– ആകാശ് ചോപ്ര പ്രതികരിച്ചു.

‘‘ഒരാളെ തിരഞ്ഞെടുത്താൽ അടുത്തയാൾ പുറത്തിരിക്കേണ്ടിവരും. സിലക്ടർമാർ ഒരുപാടു ചിന്തിച്ച ശേഷമാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്. പന്ത് തലമുറയിൽ ഒരിക്കലുണ്ടാകുന്ന പ്രതിഭയാണ്. ഇന്ത്യയുടെ മികച്ച വിക്കറ്റ് കീപ്പർമാർക്ക് ചെയ്യാനാകാത്ത കാര്യങ്ങൾ ഋഷഭ് പന്ത് 25 വയസ്സിനുള്ളിൽ തന്നെ ചെയ്തിട്ടുണ്ട്. വിദേശ പര്യടനങ്ങളിൽ വളരെയേറെ റൺസ് സ്കോർ ചെയ്തിട്ടുണ്ട്. എന്നാൽ നിശ്ചിത ഓവർ ക്രിക്കറ്റിൽ സ്ഥിരതയുള്ള പ്രകടനങ്ങൾ നടത്താൻ അദ്ദേഹത്തിനു സാധിച്ചിട്ടില്ല.’’

‘പക്ഷേ പന്തിനു കൂടുതൽ അവസരങ്ങൾ നൽകേണ്ട സമയമാണിത്. പന്തിന് ചാംപ്യൻസ് ട്രോഫി ടീമിൽ ഇടം കിട്ടിയതിൽ എനിക്ക് അഭ്ദുതമൊന്നും തോന്നുന്നില്ല.’’– ആകാശ് ചോപ്ര വ്യക്തമാക്കി. ഋഷഭ് പന്തും കെ.എൽ. രാഹുലുമാണ് ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർമാർ. ഗൗതം ഗംഭീർ സഞ്ജുവിനെ ടീമിലെത്തിക്കാൻ ശ്രമം നടത്തിയെങ്കിലും, രോഹിത് ശർമ വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് തന്നെ മതിയെന്ന തീരുമാനത്തിലെത്തുകയായിരുന്നു.