പ്രതീകാത്മക ചിത്രം
2030 ഫിഫ ലോക കപ്പിന് മുന്നോടിയായി തെരുവുനായകളെ കൂട്ടത്തോടെ കൊന്നൊടുക്കാനൊരുങ്ങി ആതിഥേയ രാജ്യങ്ങളിലൊന്നായ മൊറോക്കോ. 30 ലക്ഷം തെരുവുനായകളെ കൊന്നൊടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. വിഷംവെച്ചും ചില സന്ദര്‍ഭങ്ങളില്‍ വെടിവെച്ചും തെരുവുനായകളെ ഇല്ലായ്മചെയ്യാനാണ് ലക്ഷ്യമിടുന്നത്.
മനുഷ്യത്വപരമല്ലാത്തവിധത്തിൽ ഇത്രയധികം തെരുവുനായകളെ കൊന്നൊടുക്കാനുള്ള തീരുമാനം വലിയ പ്രതിഷേധങ്ങളിലേക്കാണ് വഴിവെച്ചിരിക്കുന്നത്. ലോകമെമ്പാടുമുളള മൃഗസ്നേഹികളും സംഘടനകളും ഇതിനെതിരായി രംഗത്തെത്തിയിട്ടുണ്ട്. മൃഗങ്ങളോടുള്ള ക്രൂരത ഒഴിവാക്കാന്‍ ഇടപെടണമെന്ന് ഫിഫയോട് ആവശ്യപ്പെട്ടിരിക്കുകയാണ് പരിസ്ഥിതി പ്രവര്‍ത്തകയും പ്രമുഖ വന്യജീവി ശാസ്ത്രജ്ഞയുമായ ജെയിന്‍ ഗുഡോള്‍. കൊന്നൊടുക്കല്‍ തുടരുകയാണെങ്കില്‍ ആതിഥേയത്വ സ്ഥാനത്തുനിന്ന് മൊറോക്കോയെ മാറ്റിനിര്‍ത്തണമെന്നും ജെയിന്‍ ഗുഡോള്‍ ആവശ്യപ്പെട്ടു. തെരുവുനായകലുടെ ഉൻമൂലനം തടയാന്‍ ഫിഫ അടിയന്തരമായി ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പരാതികളുടെ അടിസ്ഥാനത്തില്‍ ഫിഫ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതുസംബന്ധിച്ച് ഫിഫ ഔദ്യോഗിക സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല. മൊറോക്കോയിലെ ലോകകപ്പ് വേദികൾ സംബന്ധിച്ച് ഫിഫ നിരീക്ഷണങ്ങള്‍ നടത്തിവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
അതേസമയം, തെരുവുനായകളെ കൊന്നൊടുക്കാന്‍ നിയമപരമായ നിയന്ത്രണമുള്ള രാജ്യങ്ങളിലൊന്നാണ് മൊറോക്കോ. എന്നാല്‍, ഇതു പരിഗണിക്കാതെയാണ് അധികൃതര്‍ കൊന്നൊടുക്കല്‍ നയവുമായി മുന്നോട്ടുപോകുന്നത്. 2030 ഫിഫ വേള്‍ഡ് കപ്പിന് മൊറോക്കോയെക്കൂടാതെ സ്‌പെയിനിനും പോര്‍ച്ചുഗലുമാണ് ആതിഥേയത്വം വഹിക്കുന്നത്.
