എം.വി. ജയരാജൻ, സലീമിന്റെ പിതാവ് യൂസുഫ്

കണ്ണൂര്‍ : തലശ്ശേരി പുന്നോലിലെ സി.പി.എം. പ്രവര്‍ത്തകന്‍ യു.കെ. സലീം വധക്കേസില്‍ ഗുരുതര ആരോപണവുമായി സലീമിന്റെ പിതാവ് രംഗത്ത്. സി.പി.എം ആണ് തന്റെ മകനെ കൊന്നതെന്നാണ് പിതാവിന്റെ മൊഴി. വിചാരണയ്ക്കിടെ പിതാവ് യൂസുഫ് തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് മൊഴി നല്‍കിയത്. പിതാവിന്റെ മൊഴി പച്ചക്കള്ളമാണെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി ജയരാജന്‍ പ്രതികരിച്ചു.

“അന്ന് ഗുരുതരമായി പരിക്കേറ്റ സലീമിനെ അരമണിക്കൂര്‍ വൈകിയാണ് ആശുപത്രിയിലേക്ക്‌ കൊണ്ടുപോയതെന്ന് യൂസുഫ് ആരോപിച്ചു. സാധാരണ എല്ലാവരെയും കൊണ്ടുപോകാറുള്ളത് സഹകരണ ആശപത്രിയിലാണ്. മാഹി ആശുപത്രിയിലാണ് സലീമിനെ പ്രവേശിപ്പിച്ചത്. അവിടെ നിന്നാണ് തലശ്ശേരിക്ക് കൊണ്ടുപോകുന്നത്. എവിടെ വെച്ചാണ് മരണപ്പെട്ടത് എന്നത് ഒരു രേഖകളിലുമില്ല. സത്യം പുറത്തുവരണം.

തലശ്ശേരിയിലെ ഫസല്‍ വധക്കേസിലെ ചില രഹസ്യങ്ങള്‍ യു.കെ സലീമിന് അറിയാമായിരുന്നു. ആ രഹസ്യങ്ങള്‍ പുറത്തുവരാതിരിക്കാനാണ് സലീമിനെ കൊലപ്പെടുത്തിയത്. കൊല്ലപ്പെടുമ്പോള്‍ സലീമിന്റെ കൈവശമുണ്ടായിരുന്ന മൊബൈല്‍ കണ്ടെത്താന്‍ പോലീസിനായില്ല”. സംഭവം നടക്കുമ്പോള്‍ സ്ഥലത്തില്ലാത്തവരാണ് സാക്ഷി പറഞ്ഞതെന്നും യൂസുഫ് പറഞ്ഞു.

അതേസമയം സലീമിനെ കൊലപ്പെടുത്തിയത് എന്‍.ഡി.എഫാണെന്നും പിതാവ് പറയുന്നത് നുണയാണെന്നും സി.പി.എം ജില്ല സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു. സംഭവം നടന്ന സമയത്ത് അദ്ദേഹം ഇതൊന്നും പോലീസിനോട് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

2008 ജൂലൈ 23നാണ് തലശ്ശേരി പുന്നോലില്‍ സലീം കൊല്ലപ്പെടുന്നത്. ഏഴ് എന്‍.ഡി.എഫ് പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.