അപകടമുണ്ടാക്കിയ ബെൻസ് കാർ, മരിച്ച ആൽവിൻ
കോഴിക്കോട് : പ്രൊമോഷന്‍ വീഡിയോ ചിത്രീകരണത്തിനിടെ കോഴിക്കോട് ബീച്ച് റോഡില്‍ യുവാവ് കാറിടിച്ച് മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന് മരിച്ച ആല്‍വിന്റെ കുടുംബം. കഴിഞ്ഞ ഡിസംബര്‍ 11-നാണ് ആഡംബര കാറുകളുടെ വീഡിയോ ചിത്രീകരിക്കുന്നതിനിടെ തണ്ണീര്‍പ്പന്തല്‍ സ്വദേശി ആല്‍വിന്‍ കാറിടിച്ച് മരിച്ചത്. അപകടം നടന്ന് ഒന്നരമാസം പിന്നിട്ടിട്ടും അന്വേഷണം പൂര്‍ത്തിയായിട്ടില്ല. ഈ സാഹചര്യത്തില്‍ അന്വേഷണം വേഗത്തിലാക്കണം എന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.
അപകടത്തിന്റെ സി.സി.ടി.വി. ദൃശ്യം പുറത്ത് വിട്ട് ദുരൂഹത നീക്കാന്‍ പോലീസ് തയ്യാറാകണമെന്നും ആല്‍വിന്റെ കുടുംബം പറയുന്നു. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ആര്‍.സി. ഉടമയെ ഇത് വരെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഇതിനുളള നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
തെലങ്കാന സ്വദേശി അശ്വിന്‍ ജയിന്റെ ഉടമസ്ഥയിലായിരുന്നു അപകടം ഉണ്ടാക്കിയ കാറെന്നായിരുന്നു പ്രാഥമിക വിവരം. വെള്ളയില്‍ പോലീസ് കഴിഞ്ഞ ദിവസം തെലങ്കാനയിലെത്തി അശ്വിന്‍ ജയിനെ കണ്ടെത്തി. എന്നാല്‍ കാര്‍ മഞ്ചേരി സ്വദേശിക്ക് വിറ്റതായാണ് അശ്വിന്‍ പറഞ്ഞത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പണം നല്‍കി കാര്‍ കൈമാറ്റം നടത്തിയതായും എന്നാല്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയില്ല എന്നും പോലീസ് കണ്ടെത്തി.
ഉടന്‍ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അപകടത്തില്‍ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ, അശ്രദ്ധമായ ഡ്രൈവിങ്, ഇന്‍ഷൂറന്‍സ് ഇല്ലാതെ വാഹനമോടിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി മഞ്ചേരി സ്വദേശി സാബിത്ത് റഹ്‌മാനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.
