അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസും ബൈക്കും

പത്തനംതിട്ട : വാര്യാപുരത്തിന് സമീപം ചിറക്കാലയില്‍ ബൈക്ക് നിയന്ത്രണം വിട്ട് കെ.എസ്.ആര്‍.ടി.സി. ബസിലേക്ക് ഇടിച്ചുകയറി. അപകടമൊഴിവാക്കാനായി വെട്ടിച്ച ബസ് മതിലില്‍ ഇടിച്ചു. ബസിനടിയില്‍ കുടുങ്ങിയ ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു.

കെ.എസ്.ആര്‍.ടി.സിയുടെ ശബരിമല സ്‌പെഷ്യല്‍ സര്‍വീസ് ബസാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ എട്ടരയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ഇരുചക്രവാഹനം ബസിലിടിച്ചു ഇടിച്ചുകയറുകയും അപകടമുണ്ടാകാതിരിക്കാനായി വെട്ടിച്ച ബസ് ഇടതുവശത്തുള്ള മതിലില്‍ ഇടിയ്ക്കുകയും ചെയ്തു. ബസിന്റെ അടിയില്‍ കുടുങ്ങിയ ബൈക്ക് യാത്രക്കാരനെ അരമണിക്കൂറിന് ശേഷമാണ് പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ യാത്രക്കാരനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ഇദ്ദേഹം ആലപ്പുഴ സ്വദേശിയാണെന്നാണ് ലഭ്യമായ വിവരം.