ബോബി ചെമ്മണ്ണൂർ
കൊച്ചി : നടിയെ അപമാനിച്ച കേസില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ കാണാന്‍ വി.ഐ.പികള്‍ എത്തിയ സംഭവത്തില്‍ ജയില്‍ അധികൃതര്‍ക്കെതിരേ അന്വേഷണ റിപ്പോര്‍ട്ട്. കാക്കനാട് ജില്ലാ ജയിലില്‍ ബോബി ചെമ്മണ്ണൂര്‍ കഴിയുന്നതിനിടെയാണ് സംഭവം.ജയില്‍ ഡി.ഐ.ജിയ്ക്കും ജയില്‍ സൂപ്രണ്ടിനുമെതിരേ നടപടിയെടുക്കണമെന്ന് ജയില്‍ ആസ്ഥാന ഡി.ഐ.ജി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
ജയില്‍ മധ്യമേഖല ഡി.ഐ.ജി പി. അജയകുമാറിനെതിരേയും ജയില്‍ സൂപ്രണ്ടിനെതിരേയും 20 ജയില്‍ ജീവനക്കാരാണ് മൊഴി നല്‍കിയത്. അവരെ സ്വാധീനിക്കാനുള്ള ശ്രമവും നടന്നിരുന്നു.
തൃശ്ശൂര്‍ സ്വദേശി ബാലചന്ദ്രനുള്‍പ്പെടെ മൂന്ന് വി.ഐ.പികള്‍ ബോബി ചെമ്മണ്ണൂരിനെ സന്ദര്‍ശിച്ചുവെന്നും രജിസ്റ്ററില്‍ അവര്‍ പേര് രേഖപ്പെടുത്തിയില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവര്‍ ഒരു മണിക്കൂറോളം ബോബി ചെമ്മണ്ണൂരുമായി സമയം ചെലവഴിച്ചു. അന്വേഷണത്തിന്റെ ഭാഗമായി സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
