പിണറായി വിജയൻ
ന്യൂഡല്‍ഹി : പ്രായപരിധി മാനദണ്ഡത്തില്‍ സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇളവുണ്ടായേക്കില്ല. 75 വയസ്സ് തികഞ്ഞവര്‍ പാര്‍ട്ടി ചുമതലകളില്‍നിന്ന് ഒഴിയണമെന്ന ഭരണഘടനാഭേദഗതി കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസാണ് അംഗീകരിച്ചത്. നിലവിലെ പി.ബി. കോഡിനേറ്റര്‍ കൂടിയായ പ്രകാശ് കാരാട്ട്, മുതിര്‍ന്ന പി.ബി. അംഗങ്ങളായ പിണറായി വിജയന്‍, വൃന്ദാ കാരാട്ട്, മാണിക് സര്‍ക്കാര്‍, സുഭാഷിണി അലി തുടങ്ങിയവരുള്‍പ്പെടെ മാറേണ്ടിവരും.
കേരള മുഖ്യമന്ത്രിയെന്ന പരിഗണനയില്‍ പിണറായി വിജയന് കഴിഞ്ഞതവണ അനുവദിച്ചതുപോലെ ഇളവ് ഇത്തവണയും നല്‍കാനുള്ള സാധ്യതയുണ്ട്. അദ്ദേഹമാകും ഇക്കാര്യത്തില്‍ അന്തിമനിലപാടെടുക്കുക. മറ്റുള്ളവരെ പ്രവര്‍ത്തനപാരമ്പര്യവും അനുഭവസമ്പത്തും കണക്കിലെടുത്ത് കേന്ദ്രകമ്മിറ്റിയില്‍ ക്ഷണിതാക്കളായി നിലനിര്‍ത്തിയേക്കും. പാര്‍ട്ടി കോണ്‍ഗ്രസിനുള്ള കരട് രാഷ്ട്രീയപ്രമേയം ചര്‍ച്ചചെയ്യുന്നതിനായി കൊല്‍ക്കത്തയില്‍നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗം ഞായറാഴ്ച സമാപിക്കും. കേരളത്തില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.
