പ്രതീകാത്മക ചിത്രം
തിരുവനന്തപുരം : ജനകീയ സമരത്തെത്തുടര്‍ന്ന് കോളക്കമ്പനി പൂട്ടിയ പാലക്കാട് ജില്ലയില്‍ പുതുതായി അനുമതി നല്‍കിയ മദ്യക്കമ്പനിക്ക് സര്‍ക്കാര്‍തന്നെ വെള്ളവും നല്‍കും. കമ്പനിക്ക് ആവശ്യമായ മുഴുവന്‍ ജലവും നല്‍കാമെന്ന് ജല അതോറിറ്റി സമ്മതിച്ചിട്ടുണ്ടെന്ന് പദ്ധതിക്കുള്ള ശുപാര്‍ശയില്‍ എക്‌സൈസ് കമ്മിഷണര്‍ വ്യക്തമാക്കിയിരുന്നു. ഇതടക്കം ഉള്‍പ്പെടുന്നതാണ് സര്‍ക്കാര്‍ ഉത്തരവ്. ഒയാസിസ് കൊമേഴ്സ്യല്‍ എന്ന കമ്പനിക്കാണ് മദ്യനിര്‍മാണത്തിന് അനുമതി നല്‍കിയത്. ഭൂഗര്‍ഭജലം ആവശ്യമില്ലെന്ന് കമ്പനി നല്‍കിയ പദ്ധതിരേഖയിലുണ്ട്. മഴവെള്ളം ശേഖരിക്കാനും പദ്ധതിയുണ്ട്.
പാലക്കാട് കിന്‍ഫ്രപാര്‍ക്കില്‍ ജല അതോറിറ്റി തുടങ്ങുന്ന പ്ലാന്റില്‍നിന്നാണ് കമ്പനിക്ക് വെള്ളം നല്‍കുക. വ്യാവസായിക നിരക്ക് ഈടാക്കും. മലമ്പുഴ അണക്കെട്ടില്‍നിന്നാണ് ഇവിടേക്ക് വെള്ളം എത്തിക്കുന്നത്. വെള്ളം നല്‍കുന്നതിനുള്ള പ്ലാന്റിന്റെ പ്രാരംഭ പ്രവൃത്തികള്‍ തുടങ്ങി. ആദ്യഘട്ടത്തില്‍ 12.5 ദശലക്ഷം യൂണിറ്റ് ശേഷിയുള്ള ശുദ്ധീകരണ ശാലയാകും തുടങ്ങുക.
മദ്യനിര്‍മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളില്‍ അരിയും ഉള്‍പ്പെടും. പാലക്കാടുതന്നെ കമ്പനി സ്ഥാപിക്കുന്നതിന്റെ ലക്ഷ്യവും അരിയുടെ ലഭ്യതയാണ്. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും സര്‍ക്കാരിന് കൂടുതല്‍ സാമ്പത്തിക നേട്ടമുണ്ടാകുമെന്നുമുള്ള വാദവും റിപ്പോര്‍ട്ടിലുണ്ട്. ഇത് അതേ രീതിയില്‍ ഉത്തരവിലും ആവര്‍ത്തിക്കുന്നു.
ആദ്യ ഘട്ടത്തില്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യ നിര്‍മാണ യൂണിറ്റാണ് വരുന്നത്. 16 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ളതാണ് ആദ്യ യൂണിറ്റ്. വര്‍ഷത്തില്‍ 330 ദിവസം പ്രവര്‍ത്തിക്കാനുള്ള അനുമതി സര്‍ക്കാര്‍ ഉത്തരവില്‍ നല്‍കിയിട്ടുണ്ട്. എത്ര ലിറ്റര്‍ വെള്ളം വേണമെന്നകാര്യം പരാമര്‍ശിച്ചിട്ടില്ല. രണ്ടാംഘട്ടത്തിലേ സ്പിരിറ്റുണ്ടാക്കുന്നുള്ളൂ. മൂന്നാംഘട്ടത്തില്‍ ബ്രാണ്ടി, വൈനറി പ്ലാന്റും നാലാം ഘട്ടത്തില്‍ ബ്രുവറി പ്ലാന്റുമാണ് നിര്‍മിക്കുക. 600 കോടിയാണ് കമ്പനിയുടെ മുതല്‍മുടക്ക്. രണ്ടുവര്‍ഷം മുന്‍പ് കഞ്ചിക്കോട്ട് കമ്പനി 24 ഏക്കര്‍ വാങ്ങിയിരുന്നു. മദ്യനിര്‍മാണമാണ് ലക്ഷ്യമിടുന്നതെന്ന വിവരം പരസ്യമാക്കിയിരുന്നില്ലെന്നും ആക്ഷേപമുണ്ട്. പഞ്ചായത്തിനും കാര്യമായ ധാരണയുണ്ടായിരുന്നില്ല.
സര്‍ക്കാരിനുമുന്‍പില്‍ ഒരപേക്ഷ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്. ഡല്‍ഹി സര്‍ക്കാര്‍ അഴിമതി ആരോപണത്തില്‍ കുടുങ്ങിയ കേസില്‍ ഉള്‍പ്പെട്ടതാണ് ഒയാസിസ് കൊമേഴ്സ്യല്‍. പഞ്ചാബില്‍ കുഴല്‍ക്കിണറിലേക്ക് മാലിന്യം ഒഴുക്കിയെന്ന ആരോപണവും കമ്പനി നേരിട്ടു.
അഞ്ച് സംസ്ഥാനങ്ങളില്‍ മദ്യനിര്‍മാണ യൂണിറ്റുള്ളതിനാല്‍ ഈ മേഖലയില്‍ വൈദഗ്ധ്യമുള്ള കമ്പനിയാണെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ടെന്‍ഡര്‍ വിളിച്ച് നടത്തേണ്ടതല്ലെന്നും മദ്യനയത്തിലെ സ്പിരിറ്റ് നിര്‍മാണം പ്രോത്സാഹിപ്പിക്കുമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കമ്പനിയുടെ യോഗ്യത നോക്കി അനുമതി നല്‍കിയതെന്നുമാണ് സര്‍ക്കാര്‍ ന്യായം.
അനുമതി ചട്ടപ്രകാരം:
പദ്ധതിരേഖ പരിശോധിച്ച് ചട്ടങ്ങള്‍ പ്രകാരമാണ് അനുമതി നല്‍കിയത്. ഒരു കമ്പനി മാത്രമാണ് അപേക്ഷിച്ചത്. നിലവിലുള്ള നിയമങ്ങള്‍ പാലിക്കണമെന്ന നിബന്ധനയോടെയാണ് അനുമതി സംസ്ഥാനത്തിന് വരുമാനനേട്ടവും ഉണ്ടാകും.- എം.ബി. രാജേഷ്, എക്സൈ് മന്ത്രി.
പിന്നില്‍ അഴിമതി:
കോള കമ്പനിയെ സമരംചെയ്ത് ഓടിച്ചയിടത്ത് ജലമൂറ്റാന്‍ മറ്റൊരുകമ്പനിയെ കൊണ്ടുവന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല. മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും ചില ഉദ്യോഗസ്ഥരുംമാത്രം ഒത്തുചേര്‍ന്നുള്ള തീരുമാനമാണിത്. വന്‍ അഴിമതിയുണ്ട്. -വി.ഡി. സതീശന്‍, പ്രതിപക്ഷനേതാവ്.
