ടെർമിനലിൽ പാർക്ക് ചെയ്തിരിക്കുന്ന കേരള ആർടിസി ബസുകൾ
ബെംഗളൂരു ∙ തിരുവനന്തപുരം–ബെംഗളൂരു റൂട്ടിൽ അതിവേഗ മിന്നൽ ബസ് പരീക്ഷണം നടത്താൻ കേരള ആർടിസി. തിരുവനന്തപുരം–കോട്ടയം, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, സേലം, ഹൊസൂർ വഴിയുള്ള സർവീസാണ് പരിഗണിക്കുന്നത്. നോൺ എസി ഡീലക്സ് ബസിന്റെ റൂട്ടും ടിക്കറ്റ് നിരക്കും സംബന്ധിച്ച് അന്തിമപ്രഖ്യാപനം ഈ ആഴ്ച ഉണ്ടായേക്കും. എസി ബസിനെക്കാൾ കുറഞ്ഞ നിരക്കായതിനാൽ സാധാരണക്കാരെ ആകർഷിക്കാൻ മിന്നൽ സർവീസിന് കഴിയുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. നിശ്ചിത സ്റ്റോപ്പുകളിൽ മാത്രം നിർത്തുന്ന മിന്നൽ സർവീസ് നേരത്തെ കേരളത്തിനുള്ളിൽ മാത്രമാണ് സർവീസ് നടത്തിയിരുന്നത്. എന്നാൽ 2 മാസം മുൻപ് പാലക്കാട് നിന്ന് മൂകാംബിക, കന്യാകുമാരി എന്നിവിടങ്ങളിലേക്ക് ആരംഭിച്ച ബസുകൾ മികച്ച വരുമാനം നേടിയതോടെയാണ് ബെംഗളൂരു സർവീസും പരിഗണിക്കുന്നത്.
കേരളത്തിലെ റോഡുകളിലെ ഗതാഗതക്കുരുക്കും കെഎസ്ആർടിസി ബസുകൾ പ്രധാന നഗരങ്ങളിലെ ബസ് സ്റ്റാൻഡുകളിൽ കയറുന്നതുമാണ് യാത്രാസമയം കൂടുന്നതിന്റെ പ്രധാന കാരണം. നിലവിൽ ബെംഗളൂരുവിൽ നിന്ന് കോട്ടയം വഴി തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്ന വോൾവോ, സ്കാനിയ മൾട്ടി ആക്സിൽ ബസുകൾ 17 –18 മണിക്കൂറും മൈസൂരു, കോഴിക്കോട് വഴിയുള്ള ബസുകൾ 18–20 മണിക്കൂറും കൊണ്ടാണ് ഓടിയെത്തുന്നത്. എറണാകുളം, ആലപ്പുഴ വഴിയുള്ള സർവീസുകൾക്ക് 15–17 മണിക്കൂർ വരെ വേണ്ടിവരുന്നുണ്ട്.
ബെംഗളൂരു–തിരുവനന്തപുരം റൂട്ടിൽ 5 വർഷം മുൻപ് തുടങ്ങിയ വോൾവോ ബൈപാസ് റൈഡർ സർവീസ് ആദ്യകാലങ്ങളിൽ കൃത്യസമയം പാലിച്ചിരുന്നെങ്കിലും പിന്നീട് ഇതും താളം തെറ്റി. 14 മണിക്കൂറാണ് ഇതിന് റണ്ണിങ് സമയം നിശ്ചയിച്ചിരുന്നത്. ആലപ്പുഴ, കൊല്ലം, പാലക്കാട് സ്റ്റാൻഡുകളിൽ കയറാതെ നടത്തിയ സർവീസിനും ഗതാഗതക്കുരുക്ക് തന്നെയാണ് വില്ലനായത്.
ബെംഗളൂരുവിൽ നിന്ന് നാഗർകോവിൽ വഴിയുള്ള തിരുവനന്തപുരം സ്വിഫ്റ്റ് ഗജരാജ സ്ലീപ്പർ എസി ബസാണു നിലവിൽ കുറഞ്ഞ സമയംകൊണ്ട് ഇരുനഗരങ്ങൾക്കുമിടയിൽ ഓടിയെത്തുന്നത്. 770 കിലോമീറ്റർ ദൂരം 13–14 മണിക്കൂർ കൊണ്ടാണ് ഈ ബസ് പിന്നിടുന്നത്. ഓണക്കാലത്ത് ഡീലക്സ് സ്പെഷൽ ബസുകളും ഈ റൂട്ടിലൂടെയാണു സർവീസ് നടത്തുന്നത്.
സേലം, നാമക്കൽ, ഡിണ്ഡിഗൽ, തിരുനെൽവേലി, നാഗർകോവിൽ, മാർത്താണ്ഡം, കളിയിക്കാവിള വഴിയുള്ള ബസ് കൂടുതൽ ദൂരം സർവീസ് നടത്തുന്നത് തമിഴ്നാട്ടിലൂടെയാണ്. ബൈപാസ് റോഡിലൂടെ മാത്രം സർവീസ് നടത്തുന്നതും അനുകൂല ഘടകമാണ്. സ്വകാര്യ ബസുകളും തമിഴ്നാട് എസ്ഇടിസിയുടെ ബെംഗളൂരു–തിരുവനന്തപുരം അൾട്രാ ഡീലക്സ് ബസും നാഗർകോവിൽ വഴി സർവീസ് നടത്തുന്നുണ്ട്.
