ടി.എൻ. പ്രതാപൻ

ഗുരുവായൂർ : ജില്ലയിലെ ചില കോൺഗ്രസ് നേതാക്കളിൽ നിന്ന് താൻ നിരന്തരം ഒളിയമ്പുകൾ നേരിടുന്നുവെന്ന് മുൻ എം.പി. ടി.എൻ. പ്രതാപൻ. മാനസിക പ്രയാസം കാരണം പാർട്ടി വിടാൻ വരെ ആലോചിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂരിൽ വി.ബാലറാം സ്മൃതി പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം പ്രസംഗിക്കുകയായിരുന്നു പ്രതാപൻ. ‘എം.പി.യും എം.എൽ.എ.യുമൊക്കെയായിരുന്നപ്പോൾ എന്റെ കൂടെ നടന്ന് ആനുകൂല്യം കൈപ്പറ്റിയവരൊക്കെ ഇപ്പോൾ കൈവിട്ടു. ചില്ലുമേടയിലിരുന്ന് കല്ലെറിയുകയാണ് പലരും. അവർക്കെല്ലാം കാലം മറുപടി കൊടുക്കും. ബാലറാമിന്റെ പേരിലുള്ള പുരസ്‌കാരം എനിയ്ക്കിപ്പോൾ വലിയ ഊർജ്ജമാണ് നൽകുന്നത്”.- പ്രതാപൻ വികാരാധീനനായി. കെ. മുരളീധരൻ ജയിക്കാൻവേണ്ടി നിത്യവും പ്രാർഥിച്ചയാളാണ് താനെന്നും പ്രതാപൻ പറഞ്ഞു.

പാർലമെന്റ് തിരഞ്ഞെടുപ്പിൽ ടി.എൻ. പ്രതാപൻ മത്സരിച്ചിരുന്നെങ്കിൽ തൃശ്ശൂർ മണ്ഡലം യു.ഡി.എഫിന് നഷ്ടപ്പെടില്ലായിരുന്നുവെന്ന് അവാർഡ് സമ്മാനിച്ച മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മത്സരിക്കാൻ അവസരമുണ്ടായിട്ടും മറ്റുള്ളവർക്കുവേണ്ടി ഒഴിഞ്ഞു കൊടുക്കാൻ തയ്യാറായ വിശാലമനസ്സിന്റെ ഉടമയാണ് പ്രതാപൻ. അദ്ദേഹത്തിന് ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

ബാലറാം സ്മാരകട്രസ്റ്റ് പ്രസിഡന്റ് സി.എ. ഗോപപ്രതാപൻ അധ്യക്ഷനായി. നേതാക്കളായ ജോസ് വള്ളൂർ, പി.ടി. അജയ്‌മോഹൻ, ജോസഫ് ചാലിശ്ശേരി, അനിൽ അക്കര, സി.സി. ശ്രീകുമാർ, സി.എച്ച്. റഷീദ്, അരവിന്ദൻ പല്ലത്ത്, കെ.പി. ഉദയൻ, പി.വി. ബദറുദ്ദീൻ, വി.കെ. ജയരാജ് തുടങ്ങിയവർ പ്രസംഗിച്ചു.