മദൻ ദിലാവർ | Photo:Facebook:DilawarMadan

ജയ്പുർ : രാജ്യത്തെ എൻട്രൻസ് കോച്ചിങ് ഹബ്ബ് ആയ കോട്ടയിലെ ചില വിദ്യാർഥികൾ ജീവനൊടുക്കിയതിന് കാരണം പ്രണയബന്ധങ്ങളാണെന്ന് രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ. കുട്ടികൾ എവിടെയൊക്കെ പോകുന്നുവെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും ചില വിദ്യാർഥികൾ ജീവനൊടുക്കിയത് പ്രണയബന്ധങ്ങൾ മൂലമാണെന്നും മന്ത്രി പറഞ്ഞു. 2025ൽ മാത്രം നാല് വിദ്യാർഥികൾ കോട്ടയിൽ ജീവനൊടുക്കിയതായി റിപ്പോർട്ടുകൾ പുറത്തുവരുന്നതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

“കുട്ടികൾ എവിടെയൊക്കെ പോകുന്നു എന്നതും അവരുടെ ദിനചര്യയും മാതാപിതാക്കൾ ശ്രദ്ധിക്കണം. കുട്ടികൾ ശ്രദ്ധയുള്ളവരല്ല. നിയന്ത്രണം നഷ്ടപ്പെടുമ്പോൾ അവർ വഴിതെറ്റി സഞ്ചരിക്കുന്നു. തന്റെ വാക്കുകൾ ചിലരെ അലോസരപ്പെടുത്തുമെന്ന് അറിയാം.

പഠനത്തിന്റെ പേരിൽ കുട്ടികളുടെ മേൽ സമ്മർദം ചെലുത്താതെ മാതാപിതാക്കൾ ശ്രദ്ധിക്കണം. ഓരോ വിദ്യാർഥിക്കും അവരുടേതായ താത്പര്യമുണ്ട്. അതിന് വിരുദ്ധമായുള്ള ലക്ഷ്യം പിന്തുടരാൻ അവർ നിർബന്ധിതരാകുമ്പോൾ അവർ പരാജയപ്പെടുകയും വിഷാദത്തിലേക്ക് വീഴുകയും ചെയ്യുന്നു”. കോച്ചിങ് കേന്ദ്രങ്ങളേക്കാൾ അവരുടെ സുഹൃത്തുക്കൾ തന്നെ തങ്ങളുടെ റാങ്കുകളെക്കുറിച്ച് നിരന്തരം പരാമർശം നടത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2024ൽ 17 വിദ്യാർഥികൾ കോട്ടയിൽ ജീവനൊടുക്കിയതായാണ് റിപ്പോർട്ടുകൾ. ഈ വർഷം ആരംഭിച്ച് മൂന്ന് വർഷത്തിനിടെ മൂന്ന് പേരാണ് മരിച്ചത്. പരീക്ഷയുടെ ടെന്‍ഷനിലാകാം കുട്ടികൾ ജീവനൊടുക്കുന്നത് എന്ന നി​ഗമനത്തിലാണ് പോലീസ്.