Photo | x.com/IFTWC

കൊച്ചി : കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരം പ്രീതം കോട്ടല്‍ ടീം വിട്ട് ചെന്നൈയിന്‍ എഫ്.സി.യില്‍ ചേര്‍ന്നു. ബ്ലാസ്റ്റേഴ്‌സ് ക്ലബും കോട്ടലും പരസ്പര ധാരണയിലാണ് വേര്‍പ്പിരിയാന്‍ തീരുമാനിച്ചത്. രണ്ടര വര്‍ഷത്തെ കരാറിനാണ് പ്രീതം ചെന്നൈയിന്‍ എഫ്.സി.ലെത്തിയത്. പ്രീതമിന്റെ പ്രതിബദ്ധതയ്ക്കും ക്ലബ്ബിന് നല്‍കിയ സംഭാവനയ്ക്കും നന്ദിയറിയിക്കുന്നുവെന്ന് ബ്ലാസ്റ്റേഴ്‌സ് എക്‌സില്‍ കുറിച്ചു.

പ്രീതം പരിശീലനത്തിനായി ചെന്നൈ ടീമിനൊപ്പം ചേര്‍ന്നതായി ചെന്നൈയിന്‍ എഫ്.സി.യും അറിയിച്ചു. 2023 സീസണിന് മുന്നോടിയായി മോഹന്‍ ബഗാനില്‍നിന്ന് ഫ്രീ ട്രാന്‍സ്ഫറായാണ് പ്രീതം ബ്ലാസ്റ്റേഴ്‌സിലെത്തിയത്. ക്ലബ്ബിനായി 39 മത്സരങ്ങളില്‍ ജഴ്‌സിയണിഞ്ഞു.

2013-ല്‍ പുണെ എഫ്.സി.യിലാണ് കോട്ടലിന്റെ ഐ.എസ്.എല്‍. അരങ്ങേറ്റം. പിന്നീട് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത, ഡല്‍ഹി ഡൈനാമോസ് ടീമുകള്‍ക്കുവേണ്ടിയും കളിച്ചു. ലീഗില്‍ ആകെ 146 മത്സരങ്ങള്‍ കളിച്ച അദ്ദേഹം മൂന്നുതവണ കിരീടം നേടുകയും ചെയ്തു. സീസണില്‍ നിലവില്‍ 16 മത്സരങ്ങളില്‍നിന്ന് 17 പോയിന്റുകളുമായി പത്താമതാണ് ചെന്നൈയിന്‍. ചൊവ്വാഴ്ച മോഹന്‍ ബഗാനെതിരെയാണ് അടുത്ത മത്സരം.