ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽത്താനി (Photo by Marty MELVILLE / AFP)
15 മാസം നീണ്ട ഗാസ യുദ്ധത്തിനു വിരാമമാകുന്നു. നീണ്ട ചർച്ചകൾക്കൊടുവിൽ വെടിനിർത്തൽ ധാരണയായെന്നു ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽത്താനി പ്രഖ്യാപിച്ചു. 2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിനെ ആക്രമിച്ചതാണു യുദ്ധത്തിന് കാരണമായത്. ഇസ്രയേൽ–ഹമാസ് വെടിനിർത്തൽ ചർച്ചകൾക്ക് യുഎസിന്റെ നേതൃത്ത്വത്തിൽ മധ്യസ്ഥത വഹിച്ചത് ഖത്തറും ഈജിപ്തുമായിരുന്നു. ദോഹയിൽ ഒരാഴ്ച നീണ്ട ചർച്ചകൾക്കു ശേഷമാണ്, വെടിനിർത്തൽ കരാർ ഞായറാഴ്ച പ്രാബല്യത്തിൽ വരുമെന്നു ഖത്തർ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
ആധുനിക ലോകം കണ്ട ഏറ്റവും ദയാരഹിതമായ കൊടുംയുദ്ധങ്ങളിലൊന്നിന് അവസാനമാകുമ്പോൾ, യുദ്ധക്കെടുതിയുടെ ഇരകൾ മാത്രമല്ല, ലോകമനസ്സാക്ഷിയാകെ നന്ദിയോടെ ഓർക്കുന്ന പേരുകളിലൊന്നാണ് ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽത്താനി. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ നിർദേശ പ്രകാരം ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽത്താനി നടത്തിയ ഇടപെടല്‍ യുദ്ധമവസാനിപ്പിക്കുന്നതിൽ നിർണായകമായിരുന്നു.
2016 ജനുവരിയിൽ ഖത്തർ വിദേശകാര്യ മന്ത്രിയായും 2023 മാർച്ച് ഏഴിന് ഖത്തർ പ്രധാനമന്ത്രിയായും ചുമതലയേറ്റു. ദോഹയിൽ ജനിച്ച ഷെയ്ഖ് അൽത്താനി ഖത്തർ യൂണിവേഴ്സിറ്റിയിൽനിന്ന് ഇക്കണോമിക്സ് ആൻഡ് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടി. 2003 ൽ റൂളിങ് ഫാമിലി കൗൺസിലിൽ സാമ്പത്തിക ഗവേഷകനായാണ് തുടക്കം. 2009 ൽ ചെറുകിട, ഇടത്തരം സംരംഭങ്ങളെ പിന്തുണയ്ക്കുന്ന പദ്ധതിയുടെ ഡയറക്ടറായും ബിസിനസ് ആൻഡ് ട്രേഡ് മന്ത്രാലയത്തിലെ പൊതു-സ്വകാര്യ മേഖലാ പങ്കാളിത്ത വകുപ്പിന്റെ ഡയറക്ടറായും നിയമിക്കപ്പെട്ടു. അതേവർഷം തന്നെ അദ്ദേഹം എന്റർപ്രൈസ് ഖത്തർ എന്ന സംഘടനയ്ക്കു തുടക്കമിട്ടു. അതുവഴി ചെറുകിട സംരഭങ്ങൾക്കു സാങ്കേതിക, സാമ്പത്തിക സഹായങ്ങൾ നൽകി. ഖത്തറിലേക്കു നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിക്കാനും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കു വേണ്ടി സംരംഭകരെ പ്രോത്സാഹിപ്പിക്കാനും പ്രവർത്തിച്ചു. 2010 ൽ ഖത്തർ മൈനിങ് കമ്പനിയുടെ ചെയർമാനായി. 2010 മുതൽ 2011 വരെ ഷെയ്ഖ് മുഹമ്മദ് അമീരി ദിവാനിലെ ഫോളോ-അപ് അഫയേഴ്സിനായി ഫാദർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനിയുടെ സ്വകാര്യ പ്രതിനിധിയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു.
2011 ൽ, ചെറുകിട, ഇടത്തരം സംരംഭ വികസനത്തിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാനും ആസ്പയർ – കത്താറ ഇൻവെസ്റ്റ്‌മെന്റ് കമ്പനിയുടെ ഡയറക്ടർ ബോർഡ് ചെയർമാനുമായി പ്രവർത്തിച്ചു. 2012ൽ അണ്ടർസെക്രട്ടറി പദവിയിലെത്തി. 2013 ൽ രാജ്യാന്തര സഹകരണ കാര്യങ്ങളുടെ വിദേശകാര്യ സഹമന്ത്രിയായി നിയമിക്കപ്പെട്ടു.
2014 ൽ ഖത്തർ ഫണ്ട് ഫോർ ഡവലപ്‌മെന്റിന്റെ പുനഃക്രമീകരണത്തിന് നേതൃത്വം നൽകി. പ്രാഥമിക, സെക്കൻഡറി വിദ്യാഭ്യാസം, ആഗോള ആരോഗ്യം, സാമ്പത്തിക വികസനം എന്നിവയ്ക്ക് പിന്തുണ നൽകുന്നതിനും പ്രവർത്തിച്ചു. 2018 നവംബർ 4 ന് ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ ചെയർമാനായി നിയമിതനായി. സുപ്രീം കൗൺസിൽ ഫോർ ഇക്കണോമിക് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് അഫയേഴ്സിലും അംഗമാണ്.
ഇസ്രയേൽ – ഗാസ യുദ്ധം തുടങ്ങിയതുമുതൽ സമാധാന ചർച്ചകൾക്കു മുൻകയ്യെടുത്ത ഷെയ്ഖ് അൽത്താനി ഇസ്രയേലിലും ഗാസയിലും കുടുങ്ങിയ അമേരിക്കൻ, ഓസ്ട്രേലിയൻ ബന്ദികളെ മോചിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. 2023 ൽ പരാഗ്വേയുടെ നാഷനൽ ഓർഡർ ഓഫ് മെറിറ്റ് അംഗീകാരവും 2021 ൽ, പൊതു സേവനത്തിന് യുഎസ് നൻകുന്ന ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡിഫൻസ് മെഡലും ലഭിച്ചിട്ടുണ്ട്. 2024 ൽ ടൈം മാഗസിന്റെ, ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയിൽ ഇടംപിടിച്ചിരുന്നു.
