വന്ദേഭാരത് ട്രെയിനുകള്‍

ഇന്ത്യന്‍ റെയില്‍ ഗതാഗത മേഖലയില്‍ വലിയ മാറ്റങ്ങളുണ്ടാക്കിയാണ് വന്ദേ ഭാരത് ട്രെയിനുകള്‍ ഓടിത്തുടങ്ങിയത്. ഇപ്പോഴിതാ രാജ്യത്ത് ഏറ്റവും സമയ കൃത്യത പാലിക്കുന്ന തീവണ്ടി സര്‍വീസെന്ന അംഗീകാരം കൂടെ നേടിയിരിക്കുകയാണ് വന്ദേഭാരത് ട്രെയിനുകള്‍. റെയില്‍വേ ടിക്കറ്റിങ് പ്ലാറ്റ്‌ഫോമായ റെയില്‍യാത്രിയുടെ ഡാറ്റകള്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ നിരീക്ഷണമുള്ളത്. കേരളത്തിലെ തീവണ്ടികൾ സമയകൃത്യതയില്‍ പുറകോട്ട് പോയതായും പഠനം സൂചിപ്പിക്കുന്നു.

രാജ്യത്തെ തീവണ്ടികളുടെ സമയകൃത്യത താരതമ്യേന മെച്ചപ്പെട്ടതായി റെയില്‍യാത്രി രേഖകള്‍ പറയുന്നു. 2024ല്‍ രാജ്യത്തെ പാസഞ്ചര്‍ തീവണ്ടികളുടെ വൈകിയോടലില്‍ 8 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തീവണ്ടികള്‍ വൈകിയോടുന്നതിലെ ശരാശരി സമയം 20 മിനുട്ടില്‍ നിന്ന് 18 മിനുട്ടായി കുറഞ്ഞു. ഉത്തരാഖണ്ഡ്, ഗുജറാത്ത്, പഞ്ചാബ് സംസ്ഥാനങ്ങളിലെ തീവണ്ടികളാണ് സമയകൃത്യതയില്‍ പ്രകടനം മെച്ചപ്പെടുത്തിയത്.

ബംഗാള്‍, ഒഡിഷ, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ ട്രെയിനുകള്‍ സമയകൃത്യത പാലിക്കുന്നതില്‍ മുന്‍ വര്‍ഷത്തേതില്‍ നിന്ന് പുറകോട്ട് പോയി. ട്രെയിനുകളില്‍ ഹംസഫര്‍ എക്‌സ്പ്രസാണ് കൃത്യസമയം പാലിക്കുന്നതില്‍ രാജ്യത്ത് ഏറ്റവും പുറകിലുള്ളത്. കഴിഞ്ഞ വര്‍ഷം വെച്ച് നോക്കുമ്പോള്‍ പ്രകടനം മെച്ചപ്പെടുത്തിയെങ്കിലും ശരാശരി 55 മിനുട്ട് വരെയാണ് ഈ ട്രെയിനുകള്‍ വൈകിയോടാറുള്ളത്.

തുരന്തോ എക്‌സ്പ്രസ്, ശതാബ്ദി എക്‌സ്പ്രസ്, വന്ദേഭാരത് എന്നിവയാണ് ഈ വര്‍ഷം പ്രകടനം മെച്ചപ്പെടുത്തിയത്. 2023 ലെ കണക്കുകള്‍ വെച്ച് നോക്കുമ്പോള്‍ ശരാശരിയല്‍ പുറകോട്ട് പോയെങ്കിലും രാജ്യത്ത് ഏറ്റവും സമയകൃത്യത പാലിക്കുന്ന ട്രെയിനുകള്‍ വന്ദേഭാരതാണെന്നും പഠനം വ്യക്തമാക്കുന്നു.