ജിമ്മി ഗോവിന്ദൻ
പാലക്കാട് : ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയെന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം കഠിനതടവും രണ്ടുലക്ഷംരൂപ പിഴയും ശിക്ഷ. കല്ലേക്കാട് സ്വദേശി നൂര്‍ജഹാനെ (ഫൗസിയ-26) കൊന്ന കേസിലാണ് ഭര്‍ത്താവായ എറണാകുളം പുത്തന്‍കുരിശ് വട്ടേക്കാട്ടില്‍ വീട്ടില്‍ ജിമ്മിഗോവിന്ദന് (മുഹമ്മദ്‌സിനാന്‍-34) പാലക്കാട് അഞ്ചാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി സി.എം. സീമ ശിക്ഷവിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ നാലുമാസം അധിക കഠിനതടവ് അനുഭവിക്കണം. പിഴത്തുക യുവതിയുടെ മകള്‍ക്ക് നല്‍കാനും ഉത്തരവിട്ടു.
2017 ജനുവരി 29-നുരാത്രി ഒന്‍പതരയ്ക്കായിരുന്നു സംഭവം. നൂര്‍ജഹാന്‍, ജിമ്മി ഗോവിന്ദനുമായി പിണങ്ങി കല്ലേക്കാട്ടെവീട്ടില്‍ കഴിയുകയായിരുന്നെന്ന് പറയുന്നു. പാലക്കാട് സുല്‍ത്താന്‍പേട്ടയിലെ പെട്രോള്‍പമ്പില്‍നിന്നുവാങ്ങിയ പെട്രോളുമായെത്തിയ ജിമ്മി, നൂര്‍ജഹാനെ വീട്ടില്‍നിന്ന് വിളിച്ചുവരുത്തി സമീപത്തെ പാടത്തുവെച്ച് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നെന്നും പറയുന്നു. ഗുരുതര പൊള്ളലേറ്റ് ചികിത്സയിലിരിക്കേ ഫെബ്രുവരി 17-ന് നൂര്‍ജഹാന്‍ മരിച്ചു.
അന്നത്തെ ടൗണ്‍ നോര്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആര്‍. മനോജ്കുമാര്‍, എസ്.ഐ. ഷേണു എന്നിവരാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പ്രോസിക്യൂട്ടര്‍ വി. ജയപ്രകാശ് ഹാജരായി. എ.എസ്.ഐ. ബിജിത പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.
