പ്രതീകാത്മക ചിത്രം

ചേരാമംഗലം(പാലക്കാട്) : ബൈക്കിന്റെ താക്കോല്‍ കൊടുക്കാത്തതിന് 25-കാരന്‍ അമ്മയെ കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചെന്ന് പരാതി. ചേരാമംഗലം പള്ളിപ്പാടം വീട്ടില്‍ രമയ്ക്കാണ് (45) കുത്തേറ്റത്. സംഭവത്തില്‍ മകന്‍ അശ്വിനെ അന്വേഷിക്കുന്നതായി പോലീസ് പറഞ്ഞു. പരിക്കേറ്റ രമയെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമികചികിത്സയ്ക്കുശേഷം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച രാവിലെ 9.30-ഓടെയാണ് സംഭവം. അശ്വിന്‍ അമ്മയോട് ബൈക്കിന്റെ താക്കോല്‍ ചോദിച്ചെങ്കിലും കൊടുക്കാത്തതിനെത്തുടര്‍ന്ന് വഴക്കുണ്ടായതായി പോലീസ് പറഞ്ഞു. വഴക്കിനിടെ അശ്വിന്‍ സഹോദരന്‍ അബിനെ കത്തികൊണ്ട് കുത്താന്‍ ശ്രമിച്ചു. ഇത് അബിനും അമ്മയും ചേര്‍ന്ന് തടയുകയായിരുന്നു. ഇതിനുപിന്നാലെ കാലിന് പരിക്കേറ്റുകിടക്കുകയായിരുന്ന അച്ഛന്‍ പരമേശ്വരനെ കുത്താനായി ശ്രമിച്ചു. ഇത് തടയുന്നതിനിടെയാണ് രമയ്ക്ക് കുത്തേറ്റത്.

തടുക്കാന്‍ ശ്രമിക്കുന്നതിനിടെ രമയുടെ വലത് കൈയില്‍ നാലുതവണ കുത്തിയത്. സംഭവത്തില്‍ ആലത്തൂര്‍ പോലീസ് അന്വേഷണമാരംഭിച്ചു.