പ്രിയങ്ക | Photo Courtesy: x.com/Visfotmedia
ലഖ്‌നൗ : തായ്‌ലാന്‍ഡില്‍ യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ തനിക്കെതിരേയുള്ള ആരോപണങ്ങള്‍ നിഷേധിച്ച് ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ ലഖ്‌നൗ സ്വദേശിനിയായ പ്രിയങ്കയുടെ മരണത്തിലാണ് ഭര്‍ത്താവ് ഡോ. ആശിഷ് ശ്രീവാസ്തവ പ്രതികരണവുമായി രംഗത്തെത്തിയത്.
പ്രിയങ്കയെ ഭര്‍ത്താവ് തായ്‌ലാന്‍ഡില്‍വെച്ച് കൊലപ്പെടുത്തിയതാണെന്നായിരുന്നു യുവതിയുടെ കുടുംബത്തിന്റെ ആരോപണം. എന്നാല്‍, തനിക്കെതിരേയുള്ള ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും തന്റെ കൈയില്‍നിന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാനാണ് ഭാര്യവീട്ടുകാര്‍ ശ്രമിക്കുന്നതെന്നുമാണ് പ്രിയങ്കയുടെ ഭര്‍ത്താവ് ഡോ. ആശിഷിന്റെ പ്രതികരണം.
തായ്‌ലാന്‍ഡിലെ പട്ടായയിലെ ഹോട്ടല്‍മുറിയിലാണ് പ്രിയങ്കയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രിയങ്കയും ഭര്‍ത്താവ് ആശിഷും മകനും ഒന്നിച്ചുള്ള വിനോദയാത്രയ്ക്കിടെയായിരുന്നു സംഭവം. യുവതിയുടെ മരണത്തില്‍ തായ്‌ലാന്‍ഡ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ആശിഷിന് ഇന്ത്യയിലേക്ക് മടങ്ങാനായത്. ഇയാളുടെ പാസ്‌പോര്‍ട്ടും തായ്‌ലാന്‍ഡ് പോലീസ് കണ്ടുകെട്ടിയിരുന്നു. യുവതിയുടെ മൃതദേഹം പിന്നീട് ഇന്ത്യയിലെത്തിച്ച് സംസ്‌കരിക്കുകയുംചെയ്തു.
പ്രിയങ്കയുടെ മരണം കൊലപാതകമാണെന്നും സംഭവത്തിന് പിന്നില്‍ ആശിഷാണെന്നുമാണ് യുവതിയുടെ കുടുംബത്തിന്റെ ആരോപണം. 2017-ല്‍ വിവാഹം കഴിഞ്ഞത് മുതല്‍ ആശിഷ് മകളെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായും ഭര്‍ത്താവിനെതിരേ മകള്‍ നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നതായും പ്രിയങ്കയുടെ അച്ഛന്‍ സത്യനാരായണന്‍ ശര്‍മ ആരോപിച്ചിരുന്നു. എന്നാല്‍, പ്രിയങ്കയുടെ കുടുംബത്തിന്റെ ആരോപണം തീര്‍ത്തും വ്യാജമാണെന്നായിരുന്നു ആശിഷിന്റെ പ്രതികരണം.
പ്രിയങ്കയുടെ കുടുംബത്തിന് ചില ഗൂഢലക്ഷ്യങ്ങളുണ്ട്. എന്റെ കൈയില്‍നിന്ന് 25 ലക്ഷം രൂപ ഭീഷണിപ്പെടുത്തി കൈക്കലാക്കാനാണ് ഭാര്യയുടെ മാതാപിതാക്കളുടെ ശ്രമം. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് തന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുകയാണെന്നും ഡോ. ആശിഷ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് ആശിഷ് വിശദീകരിക്കുന്നത് ഇങ്ങനെ: ”സംഭവദിവസം പ്രിയങ്കയും ഞാനും മദ്യപിച്ചിരുന്നു. അര്‍ധരാത്രിയോടെ ഉറങ്ങുന്നതിന് മുമ്പായി പ്രിയങ്ക കുളിക്കാന്‍ പോയി. ഈ സമയം മകന് ഭക്ഷണം വേണമെന്ന് പറഞ്ഞതോടെ അവനുമായി ഞാന്‍ താഴത്തെനിലയിലേക്കും പോയി. ഞങ്ങള്‍ തിരിച്ചെത്തിയപ്പോള്‍ കുളിമുറിയിലെ ബാത്ത്ടബ്ബില്‍ കിടക്കുന്നനിലയിലാണ് പ്രിയങ്കയെ കണ്ടത്. ഉടന്‍തന്നെ ഹോട്ടല്‍ ജീവനക്കാരുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍, മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍ പറഞ്ഞു. സംഭവത്തില്‍ തായ് പോലീസ് അന്വേഷണം നടത്തുകയും താത്കാലികമായി പാസ്‌പോര്‍ട്ട് കണ്ടുകെട്ടുകയുംചെയ്തിരുന്നു. പിന്നീട് അധികൃതരില്‍നിന്ന് ക്ലിയറന്‍സ് ലഭിച്ചശേഷമാണ് ഇന്ത്യയിലേക്ക് മടങ്ങാന്‍ അനുമതി കിട്ടിയത്”.
പ്രിയങ്കയുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ഒരുലക്ഷം രൂപ താനാണ് മുടക്കിയതെന്നും പ്രിയങ്കയുടെ കുടുംബം ഈ ഘട്ടങ്ങളിലൊന്നും സഹായിച്ചില്ലെന്നും ആശിഷ് ‘ഇന്ത്യാടുഡേ’യോട് പറഞ്ഞു. പ്രിയങ്കയുടെ വെള്ളത്തിലിറങ്ങുന്നത് ഭയമാണെന്നാണ് അവരുടെ മറ്റൊരു ആരോപണം. എന്നാല്‍, യാത്രയില്‍ അവള്‍ വാട്ടര്‍സ്‌പോര്‍ട്‌സ് റൈഡുകളില്‍ കയറിയതിന്റെയെല്ലാം വീഡിയോതെളിവുകള്‍ തന്റെ കൈവശമുണ്ട്. അവളെ ഉപദ്രവിക്കാനാണെങ്കില്‍ എന്തിനാണ് അവളെ താന്‍ തായ്‌ലാന്‍ഡിലേക്ക് കൊണ്ടുപോകുന്നത്. താന്‍ ഒരു ഡോക്ടറാണ്. ഒരു കൊലപാതകിയല്ലെന്നും ആശിഷ് പറഞ്ഞു.
അതേസമയം, പ്രിയങ്കയുടെ മൃതദേഹം ഇന്ത്യയിലെത്തിച്ചശേഷം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്തിരുന്നു. കേസില്‍ അന്വേഷണം തുടരുകയാണെന്നാണ് പോലീസിന്റെ പ്രതികരണം.
