റിങ്കു സിങ്, പ്രിയ സരോജ് | Photo: PTI

ന്യൂഡല്‍ഹി : ക്രിക്കറ്റ് താരം റിങ്കു സിങ് വിവാഹിതനാകാൻ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ മച്ഛ്‌ലിശഹര്‍ എം.പിയായ പ്രിയ സരോജിന്റെ കുടുംബത്തെ റിങ്കുവിന്റെ കുടുംബം വിവാഹാലോചനയുമായി സമീപിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നെങ്കിലും ഇത് പ്രിയയുടെ പിതാവ് നിഷേധിച്ചു. റിങ്കുവിന്റെ കുടുംബം ആലോചനയുമായി സമീപിച്ചുവെന്നും തങ്ങള്‍ അത് പരിഗണിക്കുന്നേയുള്ളൂവെന്നും പ്രിയയുടെ പിതാവ് തുഫാനി സരോജ് ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.

വിവാഹാലോചനയുമായി റിങ്കുവിന്റെ കുടുംബം മൂത്തമരുമകനെ സമീപിച്ചുവെന്നാണ് തുഫാനി സരോജ് ഒരു ദേശീയമാധ്യമത്തോട് പറഞ്ഞത്. റിങ്കുവിന്റെ വിവാഹക്കാര്യം ആദ്യംപ്രചരിച്ചത് സാമൂഹികമാധ്യമങ്ങളിലാണ്. ഇതിനോട് പ്രതികരിക്കുകയായിരുന്നു പ്രിയയുടെ പിതാവ്.

സമാജ്‌വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും നിലവില്‍ എം.എല്‍.എയുമാണ് തുഫാനി സരോജ്. പ്രിയ സരോജ് ലോക്‌സഭയിലെ പ്രായം കുറഞ്ഞ എം.പിമാരില്‍ ഒരാളാണ്‌. 25-കാരിയാണ് പ്രിയ.

ഇന്ത്യന്‍ ക്രിക്കറ്റ് താരമായ റിങ്കു സിങ് ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുവേണ്ടിയാണ് കളിക്കുന്നത്. മെഗാതാരലേലത്തിന് മുന്നോടിയായി കൊല്‍ക്കത്ത 13 കോടി രൂപയ്ക്ക് റിങ്കുവിനെ നിലനിര്‍ത്തിയിരുന്നു. വരാനിരിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങുന്ന ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ടീമില്‍ അംഗമാണ് റിങ്കു.