അജി, ബാബു, ഷാജി

കോതമംഗലം : കുട്ടംപുഴ ആനവേട്ടക്കേസില്‍ മൂന്ന് പ്രതികളെ കോടതി ശിക്ഷിച്ചു. ഏഴ് പ്രതികളാണ് ഉണ്ടായിരുന്നത്. ഒരു പ്രതി ഒളിവിലാണ്. ഒരാള്‍ വിചാരണവേളയില്‍ മരിച്ചു. രണ്ടുപേരെ തെളിവുകളുടെ അഭാവത്തില്‍ വെറുതേ വിട്ടു. കുട്ടംപുഴ റെയ്ഞ്ചിലെ ആനക്കുളം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ കത്തിപ്പാറ മലയാറ്റൂര്‍ റിസര്‍വ് വനത്തില്‍െവച്ച് 2009 ജൂലായ് ഏഴിന് ആറ് വയസ്സുള്ള ആനക്കുട്ടിയെ വെടിവെച്ചുകൊന്ന് കൊമ്പ് വില്‍പ്പന നടത്താന്‍ ശ്രമിച്ച കേസിലാണ് പ്രതികളെ ശിക്ഷിച്ചത്.

ഒന്നാംപ്രതി കുട്ടംപുഴ മാമലക്കണ്ടം കുരുവിപ്പുറത്ത് വീട്ടില്‍ അജി നാരായണന്‍ (43), സഹോദരനും അഞ്ചാം പ്രതിയുമായ ബാബു നാരായണന്‍ (53), മൂന്നാം പ്രതി മാമലക്കണ്ടം കുരുവിപ്പുറത്ത് വീട്ടില്‍ ഷാജി ചെല്ലപ്പന്‍ (53) എന്നിവര്‍ക്കാണ് കോതമംഗലം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ഇ.എന്‍. ഹരിദാസന്‍ ശിക്ഷ വിധിച്ചത്. കാട്ടാനയെ വേട്ടയാടിയതിന് വന്യജീവി സംരക്ഷണ നിയമപ്രകാരം 3 വര്‍ഷം കഠിന തടവും 10,000 രൂപ വീതം പിഴയും സംരക്ഷിത വനത്തില്‍ അതിക്രമിച്ചുകടന്നതിന് വനനിയമ പ്രകാരം ഒരു വര്‍ഷം കഠിന തടവും 5000 രൂപ വീതം പിഴയുമാണ് ശിക്ഷ വിധിച്ചത്.