അമാദ് ഡിയാലോ

ലണ്ടന്‍ : സ്വന്തം തട്ടകത്തിൽ സെല്‍ഫ് ഗോളില്‍ വിറച്ചശേഷം ഐവറി കോസ്റ്റുകാരന്‍ അമാദ് ഡിയാലോയുടെ ഹാട്രിക്കില്‍ തിരിച്ചുവന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഇംഗ്ലീഷ് പ്രീമിയര്‍ലീഗില്‍ അവസാനക്കാരായ സൗത്താംപ്ടണെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് യുണൈറ്റഡ് മറികടന്നത്. ഈ ജയത്തോടെ 21 കളികളില്‍ നിന്ന് 26 പോയിന്റുള്ള യുണൈറ്റഡ് പന്ത്രണ്ടാം സ്ഥാനത്തേയ്ക്ക് കയറി. അത്രയും കളികളില്‍ നിന്ന് ആറ് പോയിന്റ് മാത്രമുള്ള സൗത്താംപ്ടണ്‍ പട്ടികയില്‍ അവസാന ഇരുപതാം സ്ഥാനത്ത് തന്നെ തുടരുകയാണ്.

42-ാം മിനിറ്റില്‍ യുറഗ്വായ്ക്കാരനായ ഡിഫന്‍സീസ് മിഡ്ഫീല്‍ഡര്‍ മാന്വല്‍ ഉയര്‍ത്തെയുടെ സെല്‍ഫ് ഗോളില്‍ പിന്നിട്ടുനിന്ന മാഞ്ച്‌സറ്റര്‍ യുണൈറ്റഡിന്റെ അവസാന എട്ട് മിനിറ്റിലാണ് അവിസ്മരണീയ പ്രകടനത്തിലൂടെ അമാദ് രക്ഷപ്പെടുത്തിയത്. 82-ാം മിനിറ്റില്‍ സമനില ഗോള്‍ നേടിയ അമാദ തൊണ്ണൂറാം മിനിറ്റില്‍ ലീഡ് നേടുകയും ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ ഹാട്രിക് തികച്ച് ജയം സമ്മാനിക്കുകയും ചെയ്തു. പകുതി സമയത്തിന് മൂന്ന് മിനിറ്റ് മാത്രം ശേഷിക്കെ ടൈലര്‍ ഡിബ്‌ളിങ്ങിന്റെ ഒരു ഫ്രീകിക്കാണ് മാന്വലിന്റെ സെല്‍ഫ് ഗോളിന് വഴിവെച്ചത്.

മറ്റ് മത്സരങ്ങളില്‍ ബ്രൈറ്റണ്‍ ഇപ്‌സ്‌വിച്ചിനെയും ആസ്റ്റല്‍ വില്ല എവര്‍ട്ടണെയും ക്രിസ്റ്റല്‍ പാലസ് ലെസ്റ്ററിനെയും ന്യൂകാസില്‍ വോള്‍വര്‍ ഹാംപ്ടണെയും ആര്‍സണല്‍ ടോട്ടനത്തെയും തോല്‍പിച്ചു. ഈ ജയത്തോടെ 43 പോയന്റോടെ രണ്ടാം സ്ഥാനത്തുള്ള ആര്‍സണല്‍ കിരീടപോരാട്ടത്തില്‍ ചുവട് ഒന്നുകൂടി ഉറപ്പിച്ചു. ദക്ഷിണ കൊറിയന്‍ സ്‌ട്രൈക്കര്‍ ഹ്യൂ മിന്‍ സണ്ണിന്റെ ഇരുപത്തിയഞ്ചാം മിനിറ്റിലെ ഗോളില്‍ ലീഡ് വഴങ്ങിയ ആര്‍സണല്‍ ഡൊമനിക്ക് സോളങ്കെയുടെ സെല്‍ഫ് ഗോളാണ് തുണയായത്. നാല് മിനിറ്റിനുള്ളില്‍ ബെല്‍ജിയന്‍ സ്‌ട്രൈക്കര്‍ ലിയാന്‍ഡ്രോ ട്രോസാര്‍ഡ് വിജയമുറപ്പിക്കുകയും ചെയ്തു.

നോട്ടിങ്ങാം ഫോറസ്റ്റിനോട് സമനില വഴങ്ങേണ്ടിവന്നെങ്കിലും അഞ്ച് പോയന്റിന്റെ ലീഡുള്ള ലിവര്‍പൂള്‍ തന്നെയാണ് മുന്നില്‍. നോട്ടിങ്ങാം 41 പോയന്റോടെ മൂന്നാമതാണ്.