ഗ്രീഷ്മ, ഷാരോൺ രാജ്‌

നെയ്യാറ്റിൻകര : ആൺസുഹൃത്തായ ഷാരോൺരാജിനെ കളനാശിനി കലർത്തിയ കഷായം കുടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഗ്രീഷ്മ ഉൾപ്പെടെയുള്ളവരുടെ ശിക്ഷ വെള്ളിയാഴ്ച നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വിധിക്കും. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം പൂർത്തിയായ സാഹചര്യത്തിലാണ് വിധി പറയുന്നത്.

നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് ജഡ്ജ് എ.എം.ബഷീറാണ് ശിക്ഷ വിധിക്കുന്നത്. ഒന്നാം പ്രതി ഗ്രീഷ്മയ്‌ക്കെതിരേ വിഷം കൊടുത്തതിനും കൊലപാതകത്തിനും അന്വേഷണത്തെ തെറ്റിദ്ധരിപ്പിച്ചതിനുമുള്ള കുറ്റം തെളിഞ്ഞതായി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി.എസ്.വിനീത് കുമാർ വാദിച്ചു.

ഗ്രീഷ്മയുടെ അമ്മ സിന്ധുവും അമ്മാവൻ നിർമലകുമാരൻ നായരും തെളിവു നശിപ്പിച്ച കുറ്റം തെളിഞ്ഞതായും പ്രോസിക്യൂട്ടർ വാദിച്ചു. എന്നാൽ പ്രതികൾ നിരപരാധികളാണെന്നും ജ്യൂസ് ചലഞ്ചിന് മുൻപായി നടത്തിയ പാരസെറ്റമോളിനെ കുറിച്ചുള്ള വെബ്‌സെർച്ച് ഒന്നാം പ്രതിക്ക് പനി ആയതുകൊണ്ടാണെന്ന് പ്രതിഭാഗം വാദിച്ചു. ആത്മഹത്യാ പ്രവണതയുള്ള ഒന്നാം പ്രതി ആത്മഹത്യ ചെയ്യുന്നതിനായി പാരക്വറ്റ് എന്ന വിഷയത്തെക്കുറിച്ച് സെർച്ച് ചെയ്തതാണെന്നും വാദിച്ചു. മുഖം കഴുകാനായി ബാത്ത്‌ റൂമിൽ കയറിയ സമയം തിളപ്പിച്ചാറ്റിയ കഷായം ഷാരോൺ രാജ് കുടിച്ചശേഷം വീട്ടിൽ നിന്നും പോയി എന്നാണ് പ്രതിഭാഗം വാദിച്ചത്.

ഈ വാദങ്ങൾ കെട്ടുകഥകളാണെന്നും ഡിജിറ്റൽ തെളിവുകളുടെയും മെഡിക്കൽ തെളിവുകളുടെയും ഫൊറൻസിക് തെളിവുകളുടെയും അടിസ്ഥാനത്തിൽ സാഹചര്യങ്ങളും പ്രതികൾക്കെതിരേയുള്ള കുറ്റം പൂർണമായും തെളിയിക്കുന്നതാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. 2022 ഒക്ടോബർ 14-ന് ഷാരോൺരാജിനെ ഗ്രീഷ്മ വിഷം കലർത്തിയശേഷം കഷായ ചലഞ്ച് നടത്തി കുടിപ്പിച്ചാണ് കൊലപ്പെടുത്തിയെന്നാണ് കേസ്.