ഗവർണർ രാജേന്ദ്ര ആർലേക്കർ നയപ്രഖ്യാപന പ്രസംഗം നടത്തുന്നു
തിരുവനന്തപുരം : രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളെ കുറിച്ച് സൂചന നല്‍കിയും കേന്ദ്രത്തില്‍നിന്നുള്ള വിഹിതം ലഭിക്കാത്തത് പരാമര്‍ശിച്ചും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നയപ്രഖ്യാപന പ്രസംഗം. നവകേരള സൃഷ്ടിക്ക് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
ഉയര്‍ന്ന നിലവാരത്തിലുള്ള അടിസ്ഥാനസൗകര്യങ്ങള്‍, അറിവ് അടിസ്ഥാനമാക്കിയ സമ്പദ്‌വ്യവസ്ഥ, നിലവാരമുള്ള വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം എന്നിവയിലൂന്നിക്കൊണ്ടായിരിക്കും ഇത്. എല്ലാവര്‍ക്കും പാര്‍പ്പിടം ഉറപ്പാക്കുമെന്നും അതിദാരിദ്ര്യം ഇല്ലാതാക്കുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തിന്റെ പക്കലുള്ള വിഭവങ്ങള്‍ പരിമിതമാണെങ്കിലും അവ ഉപയോഗിച്ച് സാധ്യമാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും തന്റെ പ്രഥമ നയപ്രഖ്യാപന പ്രസംഗത്തില്‍ ആര്‍ലേക്കര്‍ പറഞ്ഞു.
സമൂഹത്തിലെ ഡിജിറ്റല്‍ വേര്‍തിരിവ് ഇല്ലാതാക്കും. എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഉറപ്പാക്കും. ധനസമാഹരണത്തിനുള്ള ശ്രമം സംസ്ഥാന സര്‍ക്കാര്‍ നടത്തുമ്പോഴും കേന്ദ്രവിഹിതം ലഭിക്കാത്തതിനാല്‍ സര്‍ക്കാര്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും അദ്ദേഹം നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.
അതിശക്തമായ സാമൂഹിക സുരക്ഷാ ശൃംഘലയാണ് കേരളത്തിന്റേത്. 62 ലക്ഷം വയോജനങ്ങള്‍ക്കാണ് പ്രതിമാസം പെന്‍ഷന്‍ നല്‍കുന്നത്. കഴിഞ്ഞ പതിറ്റാണ്ടില്‍ പ്രളയം ഉള്‍പ്പെടെയുള്ള പ്രകൃതിദുരന്തങ്ങളെ സംസ്ഥാനത്തിന് നേരിടേണ്ടിവന്നു. ഈ വെല്ലുവിളികള്‍ക്കിടയിലും കേരളത്തിന്റെ ദുരന്തനിവാരണ മാനേജ്‌മെന്റ് മാതൃക അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടി.
