ചിത്രസേനൻ, പിണറായി വിജയൻ

തിരുവനന്തപുരം : പിണറായി സ്തുതിഗാനം എഴുതിയ പൂവത്തൂര്‍ ചിത്രസേനന് ധനവകുപ്പില്‍ സ്‌പെഷ്യല്‍ മെസഞ്ചറായി നിയമനം ലഭിച്ചത് വിവാദത്തില്‍. പൊതുഭരണവകുപ്പില്‍നിന്ന് വിരമിച്ചശേഷം പുനര്‍നിയമനത്തിന് ചിത്രസേനന്‍ ഏപ്രില്‍ 25-നാണ് അപേക്ഷിച്ചത്. എന്നാല്‍, 24-നു തന്നെ നിയമനം നല്‍കി.

ചട്ടംപാലിച്ചാണ് നിയമനമെന്നും സംഘടനയ്ക്ക് അതില്‍ പങ്കിലെന്നും എപ്ലോയീസ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. അതേസമയം, പിണറായി സ്തുതിയില്‍ തെറ്റില്ലെന്നും ആവിഷ്‌കാര സ്വാതന്ത്ര്യമാണെന്നും ഗാനരചയിതാവ് ചിത്രസേനന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി സ്തുതിഗീതവുമായി സെക്രട്ടേറിയറ്റിലെ ഇടത് സംഘടനാ ജീവനക്കാര്‍ രംഗത്തെത്തിയത്. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സുവര്‍ണജൂബിലി മന്ദിര ഉദ്ഘാടന വേദിയിലാണ് പിണറായിസ്തുതി നിറഞ്ഞത്.

വേദിയിലെത്തിയപ്പോള്‍ ‘ഇരുളടഞ്ഞ പാതയില്‍ ജ്വലിച്ച സൂര്യനായി…’ എന്ന പിണറായിയെ വാഴ്ത്തുന്ന ഗാനം അരങ്ങേറുകയായിരുന്നു. സ്തുതിഗീതത്തിന്റെ പശ്ചാത്തലത്തിലായിരുന്നു വേദിയിലേക്കുള്ള മുഖ്യമന്ത്രിയുടെ പ്രവേശനം. ‘ചെമ്പടയ്ക്ക് കാവലായി ചെങ്കനല്‍ കണക്കൊരാള്‍ ചെങ്കൊടി കരത്തിലേന്തി കേരളം നയിക്കയായി…’ എന്നിങ്ങനെ പിണറായി സ്തുതി നീണ്ടു. പ്രസംഗത്തിനുശേഷം മടങ്ങുമ്പോഴും പിന്നണിയായി സ്തുതി ഗാനം ഉയര്‍ന്നു.