പ്രതീകാത്മക ചിത്രം
ബിജാപുര്‍ : ഛത്തീസ്ഗഡില്‍ സംയുക്ത സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ബിജാപുര്‍ ജില്ലയുടെ തെക്കന്‍ ഭാഗത്തുള്ള വനത്തില്‍ രാവിലെ ഒമ്പതുമണിയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. വെടിവെപ്പ് വൈകീട്ടുവരെ തുടര്‍ന്നുവെന്നും മാവോയിസ്റ്റ് വിരുദ്ധസേന അറിയിച്ചു.
മൂന്ന് ജില്ലകളില്‍ നിന്നുള്ള ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ്, കോബ്ര കമാന്‍ഡോകളുടെ അഞ്ച് ബറ്റാലിയനുകള്‍, വനത്തിനുള്ളിലെ ദൗത്യങ്ങള്‍ക്കായുള്ള സി.ആര്‍.പി.എഫിന്റെ പ്രത്യേക യൂണിറ്റ്, സി.ആര്‍.പി.എഫിന്റെ 229-ാം ബറ്റാലിയനും ചേര്‍ന്നുനടത്തിയ ദൗത്യത്തിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടെന്നത് പ്രാഥമിക വിവരമാണെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കണമെന്നും പ്രദേശത്ത് തിരച്ചില്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. സുരക്ഷാസേനയുടെ ഭാഗത്തുള്ള ആര്‍ക്കും പരിക്കേറ്റിട്ടില്ല എന്നാണ് വിവരം.
വ്യത്യസ്ത ദൗത്യങ്ങളിലായി 26 മാവോയിസ്റ്റുകളാണ് ഛത്തീസ്ഗഡില്‍ ഈ മാസം കൊല്ലപ്പെട്ടത്. ജനുവരി 12-ന് മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതാണ് ഇതിന് മുമ്പുണ്ടായ സംഭവം. ജനുവരി ഒമ്പത്, ആറ് തിയ്യതികളിലും എന്‍കൗണ്ടറുകളില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു.
