പി.ജയരാജന്‍

കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയുള്ള പാട്ട് അവതരിപ്പിക്കുന്ന സമയത്ത് ‘ചങ്കിലെ ചെങ്കൊടി’യെന്ന വിപ്ലവഗാനം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചതില്‍ പ്രതികരണവുമായി സി.പി.എം. നേതാവ് പി.ജയരാജന്‍. പാട്ട് ഷെയര്‍ ചെയ്തു എന്നത് യാഥാര്‍ഥ്യമാണെന്നും വിശകലനങ്ങളില്‍ കാര്യമില്ലെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

ജില്ലാ സമ്മേളനം നടക്കുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. പാട്ട് ഷെയര്‍ ചെയ്തു എന്നതും യാഥാര്‍ത്ഥ്യമാണ്. ഇത്തരം വിശകലനങ്ങളില്‍ എന്ത് കാര്യം? പിണറായിയേക്കുറിച്ചുള്ള സ്തുതിഗീതത്തേക്കുറിച്ച് പ്രതികരിക്കാനില്ലെന്നും ജയരാജന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പാട്ടിനെ പി ജയരാജന്‍ ട്രോളിയെന്നും പാട്ട് ഇഷ്ടമായില്ലെന്നും എല്ലാം പ്രതികരണങ്ങള്‍ വരുന്നുണ്ടല്ലോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ജയരാജന്‍.

തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയുള്ള പാട്ട് അവതരിപ്പിക്കുന്ന സമയത്ത് ‘ചങ്കിലെ ചെങ്കൊടി’യെന്ന വിപ്ലവഗാനം ഫെയ്സ്ബുക്കില്‍ പി.ജയരാജന്‍ ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ചിരുന്നു. രണ്ടുദിവസം മുന്‍പ് എം.സ്വരാജ് പ്രകാശനം ചെയ്ത ശേഷം സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച ഗാനമാണ് ജയരാജന്‍ തന്റെ പേജില്‍ പങ്കുവെച്ചത്. പാര്‍ട്ടി സമരവീര്യത്തിന്റെ ചരിത്രവും വര്‍ത്തമാനവും പങ്കുവെക്കുന്നതാണ് ചങ്കിലെ ചെങ്കൊടിയിലെ വരികള്‍. കണ്ണൂര്‍ ജില്ലാസമ്മേളനത്തിന്റെ ഭാഗമായിട്ടാണ് ഈ ഗാനം തയ്യാറാക്കിയത്.

അണികള്‍ വ്യാപകമായി ഇത് പ്രചരിപ്പിച്ചപ്പോഴും പി.ജയരാജന്‍ പങ്കുവെച്ചിരുന്നില്ല. മുഖ്യമന്ത്രിയെ വാഴ്ത്തിയുള്ള ‘ചെമ്പടക്ക് കാവലാള്‍ ചെങ്കനല്‍ കണക്കൊരാള്‍’ എന്ന ഗാനം തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് പരിസരത്ത് എംപ്ലോയീസ് അസോസിയേഷന്‍ കെട്ടിടോദ്ഘാടനച്ചടങ്ങിലാണ് ആലപിച്ചത്.

2017-ല്‍ ജയരാജനെ പുകഴ്ത്തി പുറച്ചേരി ഗ്രാമീണ കലാസമിതി പുറത്തിറക്കിയ ‘കണ്ണൂരിന്റെ ഉദയസൂര്യന്‍’ എന്ന സംഗീത ആല്‍ബത്തിനെതിരേ പാര്‍ട്ടി കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. ‘കണ്ണൂരിന്‍ താരകമല്ലോ, ചെഞ്ചോരപ്പൊന്‍ കതിരല്ലോ, നാടിന്‍ നെടുനായകനല്ലോ, പി.ജയരാജന്‍ ധീരസഖാവ്’ എന്നു തുടങ്ങുന്നതായിരുന്നു ഗാനം.