ബി.സി.സി.ഐ.
മുംബൈ : ഇന്ത്യന്‍ ടീമിലെ കളിക്കാരുടെ യാത്രയ്ക്കും കുടുംബങ്ങള്‍ക്കും പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബി.സി.സി.ഐ) കര്‍ശന മാര്‍ഗരേഖ. ടീമിന്റെ അച്ചടക്കം ഉറപ്പാക്കുകയും ടീമംഗങ്ങള്‍ തമ്മിലുള്ള ഐക്യം ഊട്ടിയുറപ്പിക്കുകയും യാത്രാസംവിധാനങ്ങള്‍ സുഗമമാക്കുകയുമാണ് ലക്ഷ്യം.
പുതിയ മാര്‍ഗരേഖ അനുസരിച്ച് കളിക്കാര്‍ പര്യടനങ്ങളുടെ സമയത്ത് മത്സരങ്ങള്‍ക്കും പരിശീലനത്തിനും പോകുമ്പോള്‍ മുഴുവന്‍ ടീമിനുമൊപ്പം യാത്ര ചെയ്യണം. അച്ചടക്കം ഉറപ്പാക്കാന്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള യാത്രയ്ക്ക് വിലക്കുണ്ട്. ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം യാത്ര ചെയ്യണമെങ്കില്‍ മുഖ്യപരിശീലകന്റെയോ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്റെയോ മുന്‍കൂര്‍ അനുമതി നേടിയിരിക്കണം.
മത്സരങ്ങള്‍ക്ക് പോകുമ്പോള്‍ കൊണ്ടുപോകുന്ന ബാഗുകളുടെ കാര്യത്തിലും നിയന്ത്രണമുണ്ട്. വിദേശ പര്യടനം മുപ്പത് ദിവസത്തിലധികം നീണ്ടുനില്‍ക്കുകയാണെങ്കില്‍ ഒരാള്‍ക്ക് മൂന്ന് വലിയ സ്യൂട്ട്‌കേസും രണ്ട് കിറ്റ് ബാഗും ഉള്‍പ്പടെ അഞ്ച് ബാഗുകളാണ് അനുവദനീയം. അല്ലെങ്കില്‍ പരമാവധി 150 കിലോയുടെ ബാഗേജ്. സപ്പോര്‍ട്ട് സ്റ്റാഫിന് രണ്ട് വലിയ സ്യൂട്ട്‌കേസും ഒരു ചെറിയ സ്യൂട്ട്‌കേസും ഉള്‍പ്പടെ മൂന്ന് ബാഗുകള്‍ കൊണ്ടുവരാനാണ് അനുമതി. അല്ലങ്കില്‍ പരമാവധി 80 കിലോ ഭാരം.
മുപ്പത് ദിവസത്തില്‍ കുറവുള്ള എവെ മത്സരങ്ങള്‍ക്ക് പോകുമ്പോള്‍ കളിക്കാര്‍ക്ക് നാല് ബാഗുകളും സപ്പോര്‍ട്ട് സ്റ്റാഫിന് രണ്ട് ബാഗുകളും മാത്രമാണ് അനുവദനീയം. നാട്ടിലെ പരമ്പരകളില്‍ കളിക്കാര്‍ക്ക് നാല് ബാഗും സപ്പോര്‍ട്ട് സ്റ്റാഫിനും രണ്ട് ബാഗുകളുമാണ് അനുവദിച്ചിട്ടുള്ളത്.
അധിക ഭാരത്തിന്റെ ചെലവ് കളിക്കാരും സ്റ്റാഫും സ്വന്തം കൈയില്‍ നിന്നെടുത്ത് വഹിക്കേണ്ടിവരുമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.
പേഴ്‌സണല്‍ സ്റ്റാഫ്, മാനേജര്‍മാര്‍, ഷെഫ്, അസിസ്റ്റന്റുമാര്‍, സുരക്ഷാ ജീവനക്കാര്‍ എന്നിവര്‍ക്കും നിയന്ത്രണമുണ്ട്. ഒഴിവുകിഴിവ് വേണമെങ്കില്‍ ബി.സി.സി. ഐയുടെ മുന്‍കൂര്‍ അനുമതി നടിയിരിക്കണം.
വിദേശ പര്യടനം 45 ദിവസത്തിലധികം നീണ്ടുനില്‍ക്കുകയാണെങ്കില്‍ കളിക്കാര്‍ക്ക് ജീവിതപങ്കാളികളെയും പതിനെട്ട് വയസ്സിന് താഴേയുള്ള കുട്ടികളെയും കൊണ്ടുവരാം. എന്നാല്‍, ഒരു പരമ്പരയില്‍ ഒരു സന്ദര്‍ശനം മാത്രമാണ് അനുവദനീയം. അതുതന്നെ പരമാവധി രണ്ടാഴ്ച മാത്രമാണ് ഒപ്പം കഴിയാനാവുക. ഇതിനുള്ള താമസച്ചെലവ് ബി.സി.സി.ഐ. വഹിക്കും. മറ്റ് ചെലവുകള്‍ കളിക്കാര്‍ സ്വന്തം കൈയില്‍ നിന്നു തന്നെ വഹിക്കേണ്ടിവരും. എന്നാല്‍, ഇതിന് കോച്ച്, ക്യാപ്റ്റന്‍, ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ എന്നിവരുടെ അനുമതി ലഭിക്കണം.
