അമൽ പ്രകാശ്
പത്തനംതിട്ട ∙ 15 വയസ്സുകാരിയെ താലിചാർത്തുകയും തുടർന്ന് മൂന്നാറിലെത്തിച്ച് പീഡിപ്പിക്കുകയും ചെയ്ത യുവാവിനെയും ഒത്താശചെയ്ത കുട്ടിയുടെ അമ്മയെയും മലയാലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. ഇലന്തൂർ ഇടപ്പരിയാരം വല്യകാലയിൽ വീട്ടിൽ അമൽ പ്രകാശാണ് (25) പിടിയിലായത്. കുട്ടിയുടെ അമ്മയുടെ സമ്മതത്തോടെയാണ് യുവാവ് കുട്ടിയെ താലികെട്ടിയതും വീട്ടിൽനിന്ന് വിളിച്ചിറക്കി കൊണ്ടുപോയതും. ശനിയാഴ്ച്ച രാവിലെയാണ് കുട്ടിയെ വീട്ടിൽനിന്നു കാണാതായത്. കുട്ടിയെ കാണാനില്ലെന്ന, പിതാവിന്റെ മൊഴിപ്രകാരം കേസെടുത്തിരുന്നു. കുട്ടിയെ മാതാവിന്റെ സാന്നിധ്യത്തിൽ താലിചാർത്തിയ ശേഷം പെൺകുട്ടിയെ വിവാഹം കഴിച്ചെന്നു പറഞ്ഞുവിശ്വസിപ്പിച്ച് അന്നു വൈകിട്ടുതന്നെ മൂന്നാറിലേക്ക് കൊണ്ടുപോയി. കുട്ടിയുടെ അമ്മയും ഇവർക്കൊപ്പമുണ്ടായിരുന്നു.
ഞായറാഴ്ച രാവിലെ മൂന്നാർ ടൗണിനു സമീപം ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചു. കുട്ടിയുടെ മാതാവ് ശുചിമുറിയിൽ പോയ സമയം അമൽ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോൺ ലൊക്കേഷൻ തിരിച്ചറിഞ്ഞാണ് അന്വേഷണ സംഘം തിങ്കളാഴ്ച രാവിലെ മൂന്നാറിലെത്തി ഇവരെ കണ്ടെത്തിയത്. പെൺകുട്ടിയെ കോന്നി നിർഭയ ഹെൻറി ഹോമിലെത്തിച്ചു. വനിതാ എസ്ഐ കെ.ആർ.ഷെമിമോൾ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രതികളെ കോടതിയിൽ ഹാജരാക്കി.മലയാലപ്പുഴ പൊലീസ് ഇൻസ്‌പെക്ടർ കെ.എസ്.വിജയന്റെ നേതൃത്വത്തിലാണ് അന്വേഷണം. എസ്ഐ വി.എസ്.കിരൺ, എസ്‌സിപിഒമാരായ സുധീഷ് കുമാർ, ഇർഷാദ്, രതീഷ്, സിപിഒമാരായ പ്രിയേഷ്, ആതിര എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
