രവീന്ദ്രൻ നായർ

തൂക്കുപാലം (ഇടുക്കി) : ബാലന്‍പിള്ള സിറ്റിയില്‍ അന്‍പത്തിനാലുകാരന്‍ തലയ്ക്കടിയേറ്റ് മരിച്ച സംഭവത്തില്‍ അച്ഛന്‍ അറസ്റ്റില്‍. കുരുവിക്കാനത്ത് പുത്തന്‍വീട്ടില്‍ ഗംഗാധരന്‍ നായര്‍ (54) കൊല്ലപ്പെട്ട സംഭവത്തിലാണ് അച്ഛന്‍ രവീന്ദ്രന്‍ നായരെ(79) കമ്പംമെട്ട് പോലീസ് അറസ്റ്റുചെയ്തത്.

ഉച്ചത്തില്‍ പാട്ടുവെച്ചതിന്റെ ദേഷ്യത്തില്‍ രവീന്ദ്രന്‍ നായര്‍ മകനെ കാപ്പി വടികൊണ്ട് അടിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

തിങ്കളാഴ്ച രാത്രി 12-നാണ് സംഭവം. മകന്‍ വീടിനുള്ളില്‍ രക്തംവാര്‍ന്ന് കിടക്കുന്നുവെന്ന് രവീന്ദ്രന്‍ നായര്‍തന്നെയാണ് നാട്ടുകാരെ അറിയിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മദ്യപിച്ച് എത്തിയ മകന്‍ രാത്രിയില്‍ ഉച്ചത്തില്‍ ഫോണില്‍ പാട്ടുവെച്ചതിനെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഫോണ്‍ ഓഫ് ചെയ്യാതെ കിടന്ന മകന്‍ ഉറങ്ങുകയുംചെയ്തു. ഇക്കാര്യം രവീന്ദ്രന്‍ നായര്‍ക്ക് മനസ്സിലായില്ല. പാട്ട് ഓഫ് ചെയ്യാത്തതിന്റെ ദേഷ്യത്തില്‍ രവീന്ദ്രന്‍ നായര്‍, ഉറങ്ങിക്കിടന്ന മകനെ കാപ്പിവടി കൊണ്ട് അടിക്കുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചുവെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാന്‍ഡുചെയ്തു.