നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മൃതദേഹം സമാധിയിരുത്തിയ ശേഷം മക്കൾ പതിച്ച പോസ്റ്റർ, ഗോപൻ സ്വാമിയുടെ മൃതദേഹം നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോൾ

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം കുടുംബം ഏറ്റുവാങ്ങി. ഇന്ന് രാത്രി നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന മൃതദേഹം വെള്ളിയാഴ്ച സംസ്‌കരിക്കും. വിപുലമായ ചടങ്ങുകളോടെ മഹാസമാധിയായാണ് ഗോപന്‍ സ്വാമിയുടെ മൃതദേഹം സംസ്‌കരിക്കുക.

വ്യാഴാഴ്ച രാവിലെയാണ് ഗോപന്‍ സ്വാമിയെ അടക്കം ചെയ്ത കല്ലറ പോലീസ് തുറന്നത്. ഗോപന്‍ സ്വാമിയെ സമാധിയിരുത്തിയതാണ് എന്നാണ് കുടുംബം പറഞ്ഞിരുന്നത്. സബ് കളക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ രാവിലെ ഏഴുമണിയോടെ കല്ലറയുടെ സ്ലാബ് പൊളിച്ചപ്പോള്‍ ഇരിക്കുന്ന നിലയില്‍ ഗോപന്‍ സ്വാമിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയ മൃതദേഹത്തിന്റെ പോസ്റ്റുമോര്‍ട്ടം ഉച്ചയോടെ പൂര്‍ത്തിയായി. മരണത്തില്‍ അസ്വാഭാവികതയില്ല എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തില്‍ മുറിവുകളോ പരിക്കുകളോ പ്രത്യക്ഷത്തില്‍ ഇല്ല. വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലേ ഇക്കാര്യങ്ങളില്‍ വ്യക്തത വരൂ. ആന്തരികാവയവങ്ങളുടെ സാമ്പിളുകള്‍ രാസപരിശോധനയ്ക്ക് അയക്കാനായി ശേഖരിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ രാസപരിശോധനയുടെ ഫലം വരും.

പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായ ഉടന്‍ മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കാന്‍ അധികൃതര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മൃതദേഹം ഏറ്റുവാങ്ങില്ല എന്നായിരുന്നു കുടുംബത്തിന്റെ ആദ്യനിലപാട്. പിന്നീട് പോലീസും ജില്ലാ ഭരണകൂടങ്ങളും കുടുംബത്തെ കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കി. ഇതേത്തുടര്‍ന്നാണ് കുടുംബം മൃതദേഹം ഏറ്റുവാങ്ങിയത്.

സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് നേരത്തേ സമാധിയിരുത്തിയ അതേ കല്ലറയില്‍ തന്നെ ഗോപന്‍ സ്വാമിയുടെ മൃതദേഹം സമാധിയിരുത്താനാണ് കുടുംബത്തിന്റെ തീരുമാനം. തങ്ങളെ വേട്ടയാടുകയായിരുന്നുവെന്നാണ് ഗോപന്‍ സ്വാമിയുടെ കുടുംബം ആരോപിക്കുന്നത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കാനും കുടുംബം ആലോചിക്കുന്നുണ്ട്.