ഗോപന്‍സ്വാമിയുടെ മൃതദേഹം പുറത്തെടുത്ത കല്ലറ
തിരുവനന്തപുരം : കല്ലറയ്ക്കുള്ളില്‍നിന്ന് പുറത്തെടുത്ത ഗോപന്‍സ്വാമിയുടെ മൃതദേഹം തിരിച്ചറിയാന്‍ കഴിയുന്നനിലയിലായിരുന്നുവെന്ന് നടപടികള്‍ക്ക് സാക്ഷിയായ നഗരസഭ കൗണ്‍സിലര്‍. ഗോപന്‍സ്വാമിയുടെ മുഖം തിരിച്ചറിയാന്‍ കഴിയുന്നനിലയിലായിരുന്നു. ശരീരം മുഴുവന്‍ തുണികൊണ്ട് പൊതിഞ്ഞനിലയിലായിരുന്നുവെന്നും നഗരസഭ കൗണ്‍സിലറായ പ്രസന്നകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
പോലീസുകാര്‍ ആദ്യം കല്ലറയുടെ അളവൊക്കെ എടുത്തു. സമീപത്തെ മണ്ണുനീക്കി. ആര്‍.ഡി.ഒ.യുടെ സാന്നിധ്യത്തില്‍ സ്ലാബ് നീക്കി. കല്ലറയ്ക്കുള്ളില്‍ ഇരിക്കുന്നനിലയിലായിരുന്നു മൃതദേഹം. അകത്തുമുഴുവന്‍ ഭസ്മമായിരുന്നു. പൂജാദ്രവ്യങ്ങളും ഉണ്ടായിരുന്നു. മുഖം തിരിച്ചറിയാന്‍ കഴിയുന്നനിലയിലായിരുന്നു. ശരീരം മുഴുവന്‍ തുണികൊണ്ട് പൊതിഞ്ഞിരുന്നു. കര്‍പ്പൂരത്തിന്റെ മണമുണ്ടായിരുന്നു. മൃതദേഹത്തിന്റെ വായ തുറന്നനിലയിലായിരുന്നു. വായ്ഭാഗത്ത് മാത്രം നിറംമാറ്റമുണ്ടായിരുന്നതായും നഗരസഭ കൗണ്‍സിലര്‍ പറഞ്ഞു.
അതേസമയം, നെയ്യാറ്റിന്‍കരയിലെ വിവാദ സമാധിയിടത്തുനിന്ന് കണ്ടെത്തിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കല്ലറ പൊളിച്ച് പുറത്തെടുത്ത മൃതദേഹം വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ് പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്.
വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെയാണ് വിവാദമായ ഗോപന്‍സ്വാമിയുടെ സമാധിയിടം പൊളിച്ചുതുടങ്ങിയത്. സബ് കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു നടപടികള്‍. സ്ലാബ് പൊളിച്ചുമാറ്റിയതിന് പിന്നാലെ കല്ലറയ്ക്കുള്ളില്‍ ഇരിക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തി. കല്ലറയ്ക്കുള്ളില്‍ മൃതദേഹത്തിന്റെ നെഞ്ചുവരെ ഭസ്മവും പൂജാദ്രവ്യങ്ങളും കൊണ്ട് നിറച്ചനിലയിലായിരുന്നു. തുടര്‍ന്ന് മൃതദേഹം കല്ലറയ്ക്കുള്ളില്‍നിന്ന് പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടത്തി.
മൃതദേഹം പൂര്‍ണമായും അഴുകിയിട്ടില്ലാത്തതിനാല്‍ മെഡിക്കല്‍ കോളേജില്‍വെച്ച് പോസ്റ്റ്മോര്‍ട്ടം നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഗോപന്‍സ്വാമിയുടെ മകനെയും പോലീസ് മെഡിക്കല്‍ കോളേജ് ആശുപത്രിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ഉച്ചയോടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കും.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകുന്നതിന് മുമ്പ് സബ് കളക്ടറും പോലീസ് ഉദ്യോഗസ്ഥരും ഗോപന്‍സ്വാമിയുടെ കുടുംബവുമായി കാര്യങ്ങള്‍ സംസാരിച്ചു. കുടുംബാംഗങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതായി സബ് കളക്ടര്‍ ഒ.വി. ആല്‍ഫ്രഡ് മാധ്യമങ്ങളോട് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുകൊടുക്കും.
