അബ്ദുൽ റഹീം

റിയാദ് ∙ വധശിക്ഷ റദ്ദാക്കി 6 മാസമായിട്ടും റിയാദ് ജയിലിൽ കഴിയുന്ന മലയാളി അബ്ദുൽ റഹീമിന്റെ മോചനം ഇനിയും നീളും. കേസ് റിയാദ് കോടതി വീണ്ടും മാറ്റിവച്ചു. കോഴിക്കോട് സ്വദേശി കോടമ്പുഴ മച്ചിലകത്തു സ്വദേശിയാണ് അബ്ദുൽ റഹീം. കഴിഞ്ഞ ദിവസം റിയാദ് ക്രിമിനൽ കോടതി കേസ് പരിഗണിച്ചപ്പോഴാണു വിധി പറയാനായി ഇന്നത്തേക്കു മാറ്റിയത്.

ഇതുൾപ്പെടെ കേസ് മാറ്റിവയ്ക്കുന്നത് ആറാം തവണയാണ്. കേസ് വിവരങ്ങൾ കൂടുതൽ പഠിക്കണമെന്നാണു നേരത്തേ കോടതി പറ‍ഞ്ഞിരുന്നത്. സ്പോൺസറായ സൗദി പൗരൻ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാൻ അൽ ശഹ്റിയുടെ 15 വയസ്സുകാരനായ മകൻ മരിച്ച കേസിലാണ് 2006 ഡിസംബർ 26നു റഹീം ജയിലിലായത്.

വർഷങ്ങൾ നീണ്ട ഇടപെടലുകൾക്ക് ഒടുവിൽ, സൗദി ബാലന്റെ കുടുംബം മാപ്പു നൽകാൻ തയാറാണെന്നു കോടതിയെ അറിയിച്ചു. തുടർന്നു കഴിഞ്ഞ ജൂലൈ രണ്ടിനു റഹീമിന്റെ വധശിക്ഷ റദ്ദാക്കി. 34 കോടി രൂപ ദയാധനം സ്വീകരിച്ചാണു സൗദി കുടുംബം മാപ്പു നൽകിയത്. തടവ് അടക്കമുള്ള ശിക്ഷകളിലും ഇളവു ലഭിച്ചാലേ റഹീം ജയിൽ മോചിതനാകൂ.