അറസ്റ്റിലായ നവാസ്‌

നിലമ്പൂര്‍ : നിലമ്പൂരില്‍ മദ്യപര്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ യുവാവിന് കുത്തേറ്റ സംഭവത്തില്‍ പ്രതി നിലമ്പൂര്‍ പോലീസിന്റെ പിടിയിലായി. വണ്ടൂര്‍ കരുണാലയപ്പടി താമരശ്ശേരി നവാസിനെയാണ് അറസ്റ്റുചെയ്തത്.

നിലമ്പൂര്‍ വീട്ടിച്ചാലില്‍ താമസിക്കുന്ന മൂത്തേടം വെല്ലടിമുണ്ട സ്വദേശി ചേരൂര്‍ വീട്ടില്‍ ഷിബു വര്‍ഗീസി (40)നെയാണ് നവാസ് മദ്യക്കുപ്പി പൊട്ടിച്ച് കൈയ്ക്കും മുഖത്തും കഴുത്തിലും കുത്തിപ്പരിക്കേല്പിച്ചത്. സ്വകാര്യബാറിന് സമീപം മിനി ബൈപ്പാസ് റോഡ് അരികിലെ ചപ്പാത്തിക്കടയുടെ മുന്‍പില്‍വെച്ചാണ് സംഭവം.

വധശ്രമത്തിനാണ് പോലീസ് നവാസിനെതിരേ കേസെടുത്തത്. 2018-ല്‍ ഒരാളെ കുത്തിപ്പരിക്കേല്പിച്ച കേസില്‍ മഞ്ചേരി പോലീസ് ഇയാള്‍ക്കെതിരേ കേസെടുത്തിരുന്നു.