ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ | Photo: AP

സോള്‍ : ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോള്‍ അറസ്റ്റില്‍. രാജ്യത്ത് പട്ടാളനിയമം പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡന്റ് യുന്‍ സുക് യോളിനെ കസ്റ്റഡിയിലെടുക്കാനും അദ്ദേഹത്തിന്റെ ഓഫീസിലും വീട്ടിലും തിരച്ചില്‍ നടത്താനും കോടതി വാറന്റ് പുറത്തിറക്കിയിരുന്നു. സോള്‍ വെസ്റ്റേണ്‍ ഡിസ്ട്രിക്ട് കോടതിയാണ് വാറന്റിറക്കിയത്. പട്ടാള നിയമപ്രഖ്യാപനവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ അഴിമതിവിരുദ്ധ ഏജന്‍സി നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.

അതേസമയം, അറസ്റ്റ് ചെയ്യാന്‍ വസതിയിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥരുടെ ഓഫീസില്‍ ഹാജരാകാന്‍ യൂന്‍ സമ്മതിക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. അന്വേഷണത്തിന്റെ നിയമസാധുത അദ്ദേഹം അംഗീകരിക്കുന്നില്ലെന്നും എന്നാല്‍ രക്തച്ചൊരിച്ചില്‍ തടയാനായാണ് അതനുസരിച്ചതെന്നും നേരത്തേ ചിത്രീകരിച്ച ഒരു വീഡിയോയില്‍ യുന്‍ സുക് യോള്‍ പറഞ്ഞു. തടങ്കലില്‍ വെച്ചതിനെ തുടര്‍ന്ന് നിയമവാഴ്ച പൂര്‍ണമായും തകര്‍ന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

നിലവിലെ അറസ്റ്റ് പ്രകാരം 48 മണിക്കൂര്‍ പ്രസിഡന്റിനെ കസ്റ്റഡിയില്‍വെക്കാം. അത് നീട്ടണമെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പുതിയ വാറന്റിനായി അപേക്ഷിക്കണം. ഡിസംബര്‍ 14-ന് നടന്ന ഇംപീച്ച്‌മെന്റ് വോട്ടെടുപ്പിനെ തുടര്‍ന്ന് യോളിന്റെ അധികാരങ്ങള്‍ താത്കാലികമായി റദ്ദാക്കിയിരുന്നു.

യുന്‍ സുക് യോളിനെ കസ്റ്റഡിയിലെടുക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നേരത്തേയും ശ്രമം നടത്തിയിരുന്നു. എന്നാല്‍, പ്രസിഡന്റിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക കാരണം സുരക്ഷാ ജീവനക്കാര്‍ അന്വേഷണോദ്യോഗസ്ഥരെ തടയുകയാണുണ്ടായത്. പ്രസിഡന്റിന്റെ വസതിയില്‍ മണിക്കൂറോളം നീണ്ട തര്‍ക്കത്തിനൊടുവില്‍ യുന്‍ സുക് യോളിനെ അറസ്റ്റ് ചെയ്യാനാകാതെ ഉദ്യോഗസ്ഥര്‍ മടങ്ങിയ സ്ഥിതിയും ഉണ്ടായിരുന്നു. യോള്‍ അനുകൂല പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വസതിക്ക് പുറത്ത് പ്രതിഷേധമിരിക്കുകയും ചെയ്തിരുന്നു.

രാജ്യത്ത് പട്ടാളനിയമം പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന യോളിനെ അറസ്റ്റുചെയ്യാനും തലസ്ഥാനത്തെ അദ്ദേഹത്തിന്റെ ഓഫീസിലും വീട്ടിലും തിരച്ചില്‍ നടത്താനുമായാണ് സോളിലെ ഒരു കോടതി നേരത്തെ അറസ്റ്റ് വാറന്റിറക്കിയിയത്. കലാപശ്രമത്തിനാണ് യോളിന്റെ പേരില്‍ കേസെടുത്തിരിക്കുന്നത്. വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റമാണിത്.

കഴിഞ്ഞദിവസം ഇംപീച്ച് ചെയ്യപ്പെട്ടെങ്കിലും ഭരണഘടനാ കോടതിയുടെ തീരുമാനം കാത്തിരിക്കുന്ന യോള്‍ പദവിയില്‍ തുടരുന്നതിനിടെയാണ് ഇപ്പോഴത്തെ അറസ്റ്റ്. തുടര്‍ച്ചയായ കലാപങ്ങള്‍ നടത്തി ദേശീയ അസംബ്ലിയെയും പൊതുജനങ്ങളെയും ഭീഷണിപ്പെടുത്തി യൂന്‍ കലാപം നടത്തിയെന്ന് ആരോപിച്ചാണ് പാര്‍ലമെന്റില്‍ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവന്നത്. 300 എംപിമാരില്‍ ഇംപീച്ച്മെന്റിനെ അനുകൂലിച്ച് 204 പേര്‍ വോട്ട് ചെയ്തപ്പോള്‍ 85 പേര്‍ എതിര്‍ത്തു. മൂന്ന് എംപിമാര്‍ വിട്ടുനിന്നപ്പോള്‍ എട്ടു വോട്ടുകള്‍ അസാധുവായി.