പ്രതീകാത്മക ചിത്രം

കോട്ടയം : വീട്ടുകാരറിയാതെയുള്ള ആഡംബര ജീവിതത്തിന് പട്ടാപ്പകല്‍ കട കുത്തിത്തുറന്നു നടത്തിയ മോഷണത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ പിടിയില്‍. കവര്‍ച്ചയില്‍ കിട്ടിയത് 2.39 ലക്ഷവും വിലകൂടിയ മൂന്ന് മൊബൈല്‍ ഫോണുകളും. സംഘത്തിലെ ഒരാള്‍ 16,000 രൂപയ്ക്ക് മ്യൂസിക് സിസ്റ്റവും മറ്റൊരാള്‍ മീന്‍ പിടിക്കാന്‍ നാലായിരം രൂപയുടെ ചൂണ്ടയും വാങ്ങി. സംഘാംഗങ്ങള്‍ മറ്റ് ഷോപ്പിങ്ങുകളും നടത്തി. മിച്ചംവന്ന 2.06 ലക്ഷം പിന്നീടുള്ള ചെലവുകള്‍ക്കായി വീട്ടിലൊളിപ്പിച്ചു.

കോട്ടയം ചുങ്കത്ത് പ്രവര്‍ത്തിക്കുന്ന മരുന്ന് മൊത്തവിതരണ സ്ഥാപനം മെഡ്‌കെയര്‍ പ്രൈവറ്റ് ലിമിറ്റഡില്‍ ഞായറാഴ്ച പകലാണ് മോഷണം നടന്നത്. വിവരമറിഞ്ഞ് ഗാന്ധിനഗര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. സ്ഥാപനത്തിലെ സി.സി.ടി.വി. ക്യാമറകള്‍ തിരിച്ചുവെച്ചായിരുന്നു മോഷണം നടത്തിയതെന്ന് കണ്ടെത്തിയതോടെ ശാസ്ത്രീയ വിവരങ്ങള്‍ തേടി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡുമെത്തി തെളിവുകള്‍ ശേഖരിച്ചു.

ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ രാത്രിയോടെതന്നെ പോലീസ് പ്രതികളിലേക്കെത്തി. വന്‍ കവര്‍ച്ചാസംഘമെന്ന നിഗമനത്തില്‍ അന്വേഷണമാരംഭിച്ച പോലീസ് ചെന്നെത്തിയത് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുട്ടികളിലേക്ക്. ഞായറാഴ്ച നട്ടുച്ചയ്ക്ക് കോട്ടയംനഗരത്തില്‍ നടന്ന കവര്‍ച്ചാക്കേസിലെ പ്രതികളെ പിടികൂടിയപ്പോഴാണ് സിനിമാ കഥകളെ വെല്ലുന്ന മോഷണത്തിന്റെ ചുരുളഴിഞ്ഞത്. അന്വേഷണം തുടങ്ങി 24 മണിക്കൂറിനുള്ളില്‍ പ്രതികളിലേക്കെത്താനായത് പോലീസിനും പൊന്‍തൂവലായി. വീട്ടുകാരറിയാതെ ആഡംബര ജീവിതത്തിനായാണ് കുട്ടികള്‍ മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

ഞായറാഴ്ച നട്ടുച്ചയ്ക്ക് സ്ഥാപനത്തിന്റെ ഓഫീസ് വാതില്‍ കുത്തിത്തുറന്നായിരുന്നു മോഷണം. അലമാരയില്‍ സൂക്ഷിച്ചിരുന്ന 2.34 ലക്ഷം രൂപയും ഓഫീസിലുണ്ടായിരുന്ന മൂന്ന് വിലകൂടിയ മൊബൈല്‍ ഫോണുകളുമാണ് മോഷ്ടിച്ചത്. ‘ചെലവുകഴിച്ച്’ മിച്ചംവന്ന 2.6 ലക്ഷം വീടിന്റെ ടെറസ്സിലൊളിപ്പിച്ച നിലയില്‍ പോലീസ് കണ്ടെടുത്തു.

മോഷ്ടിച്ച മൊബൈല്‍ ഫോണുകളും കണ്ടെടുത്തു. തിങ്കളാഴ്ച രാവിലെ ഓഫീസ് തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണവിവരം അറിഞ്ഞതും വിവരം പോലീസിലറിയിച്ചതും. എസ്.ഐ. എം.എച്ച്.അനുരാജ്, ടി.ആര്‍.രഞ്ജിത്ത്, പി.ടി.അനൂപ്, കെ.പ്രദീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ബാലനീതിനിയമ പ്രകാരമുള്ള നടപടികളാണ് പ്രതികള്‍ക്കെതിരേ പോലീസ് സ്വീകരിച്ചിട്ടുള്ളത്.