സെഞ്ചറി നേടിയപ്പോൾ പ്രതികയുടേയും സ്മൃതി മന്ഥനയുടേയും ആഹ്ലാദം. Photo: X@BCCI
രാജ്കോട്ട് ∙ അയർലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ റെക്കോർഡ് പ്രകടനവുമായി ഇന്ത്യൻ വനിതാ ടീം. രാജ്കോട്ടിൽ നടക്കുന്ന മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 435 റൺസെടുത്തു. ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യൻ ടീമിന്റെ ഏറ്റവും ഉയർന്ന സ്കോറാണിത്. 2011 ൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യൻ പുരുഷ ടീം നേടിയ അഞ്ചിന് 418 റൺസെന്ന സ്കോറെന്ന റെക്കോർഡാണ് ഇന്ത്യൻ വനിതകൾ തകർത്തത്.
ഓപ്പണർമാരായ ക്യാപ്റ്റൻ സ്മൃതി മന്ഥന, പ്രതിക റാവൽ എന്നിവര്‍ സെഞ്ചറി പ്രകടനവുമായി തിളങ്ങിയതോടെ ഇന്ത്യ വമ്പൻ സ്കോറിലേക്കെത്തുകയായിരുന്നു. 70 പന്തുകളിൽനിന്നാണ് സ്മൃതി രാജ്യാന്തര കരിയറിലെ 12–ാം സെഞ്ചറി സ്വന്തമാക്കിയത്. 80 പന്തുകളിൽ 135 റൺസെടുത്ത് സ്മൃതി പുറത്തായി. ഏഴു സിക്സുകളും 12 ഫോറുകളുമാണ് ഇന്ത്യൻ ക്യാപ്റ്റൻ ബൗണ്ടറി കടത്തിയത്.
129 പന്തുകൾ നേരിട്ട പ്രതിക 154 റൺസെടുത്തും പുറത്തായി. ഇന്ത്യയ്ക്കായി റിച്ച ഘോഷ് അർധ സെഞ്ചറിയും (42 പന്തിൽ 59) നേടി. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിൽ ഗംഭീര വിജയങ്ങൾ നേടിയ ഇന്ത്യ നേരത്തേ തന്നെ പരമ്പര വിജയിച്ചിരുന്നു. രാജ്കോട്ടിൽ നടന്ന രണ്ടാം മത്സരത്തിൽ സ്മൃതി അർധ സെഞ്ചറിയുമായി തിളങ്ങി. 54 പന്തിൽ 73 റൺസാണ് സ്മൃതി രണ്ടാം മത്സരത്തിൽ നേടിയത്.
