പ്രതീകാത്മക ചിത്രം
ചെന്നൈ : നോട്ട് ഇരട്ടിപ്പിച്ചു തരാമെന്ന് പറഞ്ഞ് പലരില്‍നിന്നായി കോടികള്‍ തട്ടിയെടുത്ത ആള്‍ദൈവം അറസ്റ്റില്‍. തൂത്തുക്കുടി ജില്ലയിലെ എട്ടയപുരം പുങ്കവര്‍നത്തം സ്വദേശി ബാലസുബ്രഹ്‌മണ്യനാണ് പിടിയിലായത്. ഇയാളുടെ രണ്ടാംഭാര്യയുടെ മുന്‍വിവാഹത്തിലെ മകന്‍ അയ്യാദുരൈയും അറസ്റ്റിലായി. അയ്യാദുരൈയുമായി ചേര്‍ന്നാണ് ബാലസുബ്രഹ്‌മണ്യന്‍ തട്ടിപ്പ് നടത്തിയത്. 14 പേരുടെ പരാതിയാണ് ഇപ്പോള്‍ ലഭിച്ചതെങ്കിലും നൂറിലേറെപ്പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.
സ്വകാര്യ ബസ്‌കണ്ടക്ടറായിരുന്ന ബാലസുബ്രഹ്‌മണ്യന്‍ കുറച്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോലിയുപേക്ഷിച്ച് സ്വന്തംഗ്രാമത്തിലെ ഒരു ക്ഷേത്രത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ പൂജാരിയുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് പിന്നീട് അവിടെനിന്ന് പുറത്തായി. അതിനുശേഷം ആളുകളില്‍നിന്ന് സംഭാവന സ്വീകരിച്ച് പിന്നീട് പുതിയക്ഷേത്രം നിര്‍മിച്ച് വളരെവേഗം ഭക്തരുടെ വിശ്വാസം ആര്‍ജിച്ചു. ഇതിനിടെ, നോട്ടുകള്‍ ഇരട്ടിപ്പിച്ചുതരാമെന്ന് പറഞ്ഞ് ചെറിയ തുകകള്‍ ഭക്തരില്‍നിന്ന് സ്വീകരിച്ചു തുടങ്ങി. ചിലര്‍ക്ക് ഇയാള്‍ ഇരട്ടിയായി പണംനല്‍കി. ഇതോടെ, സമീപജില്ലകളില്‍ നിന്നുള്ളവരും വന്‍തോതില്‍ പണംനല്‍കി. എന്നാല്‍, പണം ഇരട്ടിച്ചുലഭിക്കാതെ വന്നതോടെ പലരും ചോദ്യംചെയ്തു. നോട്ട് ഇരട്ടിപ്പിനായി 51 ലക്ഷം രൂപനല്‍കിയ ശിവഗംഗ സ്വദേശിയാണ് ആദ്യം പോലീസില്‍ പരാതി നല്‍കിയത്. തൂത്തുക്കടി എസ്.പി.ക്ക് ലഭിച്ച പരാതിയില്‍ കേസെടുത്തതോടെ മറ്റുള്ളവരും പരാതിയുമായെത്തി.
കഴിഞ്ഞദിവസം കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരില്‍നിന്നാണ് ബാലസുബ്രഹ്‌മണ്യനെയും അയ്യാദുരൈയെയും പോലീസ് അറസ്റ്റുചെയ്തത്. തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് 20 ഏക്കര്‍ കൃഷിസ്ഥലം, 11 വീടുകള്‍ തുടങ്ങിയ സ്വത്തുകള്‍ ഇയാള്‍ സമ്പാദിച്ചെന്ന് കണ്ടെത്തിയിട്ടുണ്ട്.
