പ്രതീകാത്മക ചിത്രം

യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യമിടിവ് തുടരുന്നു. ചരിത്രത്തില്‍ ആദ്യമായി മൂല്യം 86.54 നിലവാരത്തിലേയ്ക്ക് പതിച്ചു. തിങ്കളാഴ്ച മാത്രം നേരിട്ടത് 0.7 ശതമാനം ഇടിവ്. രണ്ട് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരൊറ്റ ദിവസം ഇത്രയും തകര്‍ച്ച ഉണ്ടാകുന്നത്.

ഡോളര്‍ സൂചികയാകട്ടെ 110ലേയ്ക്ക് കുതിക്കുകയും ചെയ്തു. മറ്റ് ഏഷ്യന്‍ കറന്‍സികളുടെ മൂല്യത്തിലും കാര്യമായ ഇടിവുണ്ടായി. ഇന്തോനേഷ്യന്‍ കറന്‍സി 0.6 ശതമാനം ഇടിവ് നേരിട്ടു.

യു.എസിലെ തൊഴില്‍ മേഖലയിലുണ്ടായ അപ്രതീക്ഷിത കുതിപ്പാണ് പ്രധാന കാരണം. പ്രതീക്ഷിച്ച നിരക്കിളവ് ഈ വര്‍ഷം പ്രഖ്യാപിച്ചേക്കില്ലെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് യു.എസിലെ കടപ്പത്ര ആദായത്തില്‍ കുതിപ്പുണ്ടായി. വിദേശ നിക്ഷേപകര്‍ രാജ്യത്തെ വിപണിയില്‍നിന്ന് പിന്‍വാങ്ങുന്നതും തിരിച്ചടിയായി. ജനവരിയില്‍ മാത്രം നാല് ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഓഹരികളാണ് വിറ്റൊഴിഞ്ഞത്.

രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഇടപെടല്‍ ശക്തമാക്കിയിട്ടുണ്ട്. ജനുവരി മൂന്നിന് അവസാനിച്ച ആഴ്ചയില്‍ വിദേശ നാണ്യ കരുതല്‍ ശേഖരം 5.693 ബില്യണ്‍ കുറഞ്ഞ് 634.585 ബില്യണ്‍ ഡോളറായി.