ഹണിട്രാപ്പ് കേസിൽ ഹിൽപ്പാലസ് പോലീസ് അറസ്റ്റ് ചെയ്ത ആഷിക് ആന്റണി, സുറുമി, നേഹ, ജിജി, തോമസ് എന്നിവർ

തൃപ്പൂണിത്തുറ : യുവാവിനെ ഹണി ട്രാപ്പില്‍ പെടുത്തി പണവും വാഹനവും മറ്റും കവര്‍ന്ന കേസില്‍ അഞ്ചുപേരെ ഹില്‍പ്പാലസ് പോലീസ് അറസ്റ്റുചെയ്തു. കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ മരട് അനീഷിന്റെ സഹോദരന്‍ മരട് ആനക്കാട്ടില്‍ ആഷിക് ആന്റണി (33), ഇയാളുടെ കൂടെയുള്ള സുറുമി (29), തൊടുപുഴ പൈങ്കുളം മൈലംകൊമ്പ് സ്വദേശിയും ഇപ്പോള്‍ നെട്ടൂരില്‍ വാടകയ്ക്ക് താമസിക്കുന്നതുമായ തോമസ് (24), പത്തനംതിട്ട മൈലംപാറ കൊല്ലംപറമ്പില്‍ സ്വദേശിയും ഇപ്പോള്‍ മരട് നെട്ടൂരില്‍ വാടകയ്ക്ക് താമസിക്കുന്നതുമായ നേഹ ആഷിക് (35), തിരുവനന്തപുരം അമ്പൂരി പുത്തന്‍വീട്ടില്‍ സ്വദേശിയും ഇപ്പോള്‍ നെട്ടൂരില്‍ വാടകയ്ക്ക് താമസിക്കുന്നതുമായ ജിജി (19) എന്നിവരെയാണ് കേസില്‍ ഹില്‍പ്പാലസ് പോലീസ് ഇന്‍സ്‌പെക്ടര്‍ എല്‍. യേശുദാസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.സബ് ഇന്‍സ്‌പെക്ടര്‍മാരായ കെ. അനില, യു.വി. വിഷ്ണു, ആര്‍. സന്തോഷ് എന്നിവരും ഉദ്യോഗസ്ഥ സംഘത്തിലുണ്ടായിരുന്നു.

വൈക്കം സ്വദേശിയായ യുവാവിന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു അറസ്റ്റ്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ ഒക്ടോബറില്‍ തൃപ്പൂണിത്തുറ മാര്‍ക്കറ്റിനു സമീപമുള്ള ചാലില്‍ ടൂറിസ്റ്റ് ഹോമില്‍ മുറിയെടുത്ത ആഷിക് ആന്റണിയും സുറുമിയുമൊന്നിച്ച് പരാതിക്കാരന്റെ വാട്‌സാപ്പ് നമ്പറിലേക്ക് കോള്‍ ഗേള്‍ എന്ന് തെറ്റിദ്ധരിപ്പിച്ച് സുറുമിയുടെ നമ്പര്‍ അയച്ചുകൊടുത്ത് പരാതിക്കാരനുമായി സൗഹൃദം സ്ഥാപിച്ചു. തന്ത്രപൂര്‍വം ആളെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തി.

പരാതിക്കാരന്‍ ലോഡ്ജ് മുറിയില്‍ എത്തിയപ്പോള്‍ വാതില്‍ അടയ്ക്കുകയും പുറത്തു കാത്തുനിന്ന ആഷിക് ആന്റണിയും തോമസും ചേര്‍ന്ന് വാതില്‍ തള്ളിത്തുറന്ന് അകത്ത് കയറുകയും ചെയ്തു. പരാതിക്കാരനെ ഭീഷണിപ്പെടുത്തി ബാത്ത് റൂമില്‍ കയറ്റി വീഡിയോ ചിത്രീകരിക്കുകയും അത് പുറത്തറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മറ്റു കൂട്ടുപ്രതികളും കൂടി ചേര്‍ന്ന് പരാതിക്കാരന്റെ കൈയില്‍നിന്ന് പല തവണകളിലായി 13,500 രൂപ, മൊബൈല്‍ ഫോണ്‍, ബൈക്ക് എന്നിവ തട്ടിയെടുക്കുകയും ചെയ്തു. ബൈക്ക് പണയം വയ്ക്കുകയുമുണ്ടായി.

കേസില്‍ ഒന്നാം പ്രതിയായ ആഷിക് ആന്റണി കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ മോഷണക്കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.കോടതിയില്‍ ഹാജരാക്കിയ അഞ്ചു പേരേയും റിമാന്‍ഡ് ചെയ്തു.